ടിക്കാറാം മീണ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതി; സി.പി.എമ്മിനെതിരായ ആരോപണങ്ങളില്‍ നടപടി ഇല്ല

Jaihind Webdesk
Friday, April 19, 2019

TeekaRam-Meena

ലോക്‌സഭാ തെരെഞ്ഞെടുപ്പു വിജ്ഞാപനം പുറത്തു വന്നതു മുതല്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതി വ്യാപകമാവുന്നു. വിവിധ ജില്ലകളില്‍ സി.പി.എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ടിക്കാറാം മീണ നടപടി വൈകിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.

വിവിധ മണ്ഡലങ്ങളില്‍ സി.പി.എം നടത്തുന്ന ചട്ടലംഘനങ്ങള്‍ക്കെതിരെ കണ്ണടച്ചും നടപടികള്‍ വൈകിപ്പിച്ചുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പക്ഷപാതിത്വം കാട്ടുന്നതെന്നാണ് പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ ആരോപിക്കുന്നത്. കൊല്ലത്തും കോഴിക്കോടും പണം കൊടുത്ത് സി.പി.എം വോട്ട് വാങ്ങുന്നുവെന്ന ആരോപണമുയര്‍ത്തി പത്രസമ്മേളനം നടത്തിയിട്ടും ഇത് അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ മീണയും തെരെഞ്ഞെടുപ്പ് കമ്മീഷനും തയാറായിട്ടില്ല.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ യു.ഡി.എഫ് പരാതി നല്‍കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വിജയരാഘവനെതിരായ നടപടി താക്കീതിലൊതുക്കിയത്. ഏറെ ഗുരുതരമായ പരമര്‍ശം നടത്തിയിട്ടും വിജയരാഘവനെ പ്രചാരണത്തില്‍ നിന്നും വിലക്കാന്‍ കമ്മീഷന്‍ തയാറായില്ല. പല മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന തെെരഞ്ഞെടുപ്പ് നടപടിക്രമം സംബന്ധിച്ച പരാതികളില്‍ സി.പി.എമ്മിന് അനുകൂലമായ നിലപാടാണ് മീണ സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തിപ്പെടുന്നു.