വെള്ളത്തൂവലിലെ കെഎസ്ഇബി ക്വാർട്ടേഴ്സുകളില്‍ സ്വകാര്യവ്യക്തിയുടെ പശുവളർത്തല്‍: കട്ടിള മോഷ്ടാക്കളും വിലസുന്നു; നഷ്ടമാകുന്നത് ലക്ഷങ്ങള്‍

 

ഇടുക്കി: വെള്ളത്തൂവൽ കത്തിപ്പാറയിൽ ആൾത്താമസമില്ലാത്ത കെഎസ്ഇബി ക്വാർട്ടേഴ്സുകളുടെ കട്ടിളയും വാതിലും അടക്കമുള്ള മര ഉരുപ്പടികൾ മോഷ്ടിച്ചു കടത്തിയതായി പരാതി. സ്വകാര്യ വ്യക്തിയുടെ പശു വളർത്തലും ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽ നടക്കുന്നുണ്ടെന്നും പരാതി ഉയരുന്നു.

ഇടുക്കി വെള്ളത്തൂവൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുകൾവശത്ത് സ്ഥിതിചെയ്യുന്ന കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകളിൽ വർഷങ്ങളായി ആൾത്താമസം ഇല്ലാത്ത ക്വാർട്ടേഴ്സുകളുടെ കട്ടിളയും ജനലും വാതിലും അടക്കമുള്ള മര ഉരുപ്പടികളാണ് മോഷ്ടിച്ചു കടത്തിയിട്ടുള്ളത്. ‘കട്ടിള ഗോപാലന്‍’ എന്ന ദിലീപ് കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇവിടുത്തെ രംഗങ്ങള്‍. ഇതിനോടകം ലക്ഷങ്ങൾ വില വരുന്ന കട്ടിളകള്‍ ഉള്‍‌പ്പെടെയുള്ള സാമഗ്രികൾ ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്ന് പരാതിയുണ്ട്.

മേഖലയിൽ ആൾത്താമസം ഇല്ലാത്ത ക്വാർട്ടേഴ്സിനുള്ളിൽ സ്വകാര്യവ്യക്തി പശു , ആട്, കോഴി എന്നിവയെ വളർത്തുകയും മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. ചിന്നാർ ചെറുകിട പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയറുടെ കൺമുമ്പിൽ ആണ് ഇത്തരം സംഭവം നടക്കുന്നതെന്നും വിഷയത്തിൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ഗ്രീൻ കെയർ കേരള സെക്രട്ടറി കെ. ബുൾബേന്ദ്രൻ ആവശ്യപ്പെടുന്നു.

വിഷയത്തിൽ സംഘടന കെഎസ്ഇബി വിജിലൻസ് സംഘത്തിന് അടക്കം പരാതി സമർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി വരുമ്പോൾ ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്താൽ വരുമാനമാർഗം ഉണ്ടാക്കാമെന്നിരിക്കെയാണ് ലക്ഷങ്ങൾ പാഴായി പോകുന്നത്.

Comments (0)
Add Comment