ചോക്ലേറ്റ് മോഷണ ആരോപണം : കൗമാരക്കാരനെ വിവസ്ത്രനാക്കി പരിശോധിച്ചെന്ന് പരാതി

Jaihind Webdesk
Friday, April 5, 2019

ചോക്ലേറ്റ് മോഷണം ആരോപിച്ച് കൗമാരക്കാരനെ വസ്ത്രങ്ങളുരിഞ്ഞ് പരിശോധിച്ചതായി പരാതി.  കോട്ടയം നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്കെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരിശോധനയില്‍ മോഷണം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സഹോദരങ്ങളുടെ കണ്‍മുന്നില്‍ കൗമാരക്കാരനെ വിവസ്ത്രനാക്കിയതിനെതിരെയും ചൈല്‍ഡ് ലൈനിലും പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയതായി രക്ഷിതാക്കള്‍ അറിയിച്ചു.

സഹോദരിമാര്‍ക്കൊപ്പം ബിഗ്ബസാറില്‍ എത്തിയ കുട്ടികളെയാണ് മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞു നിര്‍ത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ നഗ്‌നരാക്കി പരിശോധിച്ചത്. മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടികള്‍ ആവർത്തിച്ചെങ്കിലും ചെവിക്കൊള്ളാൻ ഇവർ തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലും കൂട്ടാക്കാതെ സഹോദരങ്ങളുടെ കണ്‍മുന്നില്‍ കുട്ടികളുടെ വസ്ത്രങ്ങളുരിഞ്ഞ് പരിശോധിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവം അറിഞ്ഞയുടനെ രക്ഷിതാക്കള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. എന്നാൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് നൽകിയ പരാതി ബുധനാഴ്ച ഉച്ചയോടെയാണ് പൊലീസ് സ്വീകരിച്ചത്. തെളിവായി ഇതിന്‍റെ രസീതും കൈയിലുണ്ടെന്ന് ഇവർ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ മാനസികമായി തളർന്നെന്നും വീട്ടിലുള്ളവരെ പോലും അഭിമുഖീകരിക്കാന്‍ മടി കാട്ടിയെന്നും രക്ഷിതാക്കൾ പറഞ്ഞു. കേസ് ഒത്തു തീര്‍പ്പാക്കാനും ശ്രമങ്ങളുണ്ടായി. എന്നാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി.