ഡിവൈഎഫ്ഐ ജാഥാ മാനേജരായി യുവജന കമ്മീഷൻ ചെയർപേഴ്സൺ; പദവി ദുരുപയോഗം ചെയ്ത ചിന്താ ജെറോമിനെതിരെ ഗവർണർക്ക് പരാതി; രാജി വെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, July 30, 2022

നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സണ്‍ ചിന്താ ജെറോം രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്വതന്ത്ര നീതി നിർവഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥാ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേർക്കുള്ള വെല്ലുവിളിയാണ്. പദവി ദുരുപയോഗം ചെയ്ത ചിന്താ ജെറോം രാജിവെച്ച് ഒഴിയണമെന്നും അല്ലെങ്കിൽ സർക്കാർ അവരെ  നീക്കം ചെയ്യാൻ ആർജവം കാട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ആവശ്യപ്പെട്ടു. യുവജന കമ്മീഷൻ ചെയർപേഴ്സൺ പദവിയിലിരുന്നുകൊണ്ട് രാഷ്ട്രീയ പാർട്ടിയുടെ ജാഥ നയിച്ച് പദവി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഗവർണർക്ക് പരാതി നൽകിയതായും ബിനു ചുള്ളിയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ബിനു ചുള്ളിയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സിവിൽ കോടതിയുടെ അധികാരങ്ങളുള്ള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ സി.പി.എമ്മിൻ്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന ജാഥയുടെ മാനേജർ. നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ജുഡീഷ്യൽ കമ്മീഷന്റെതലപ്പത്തിരുന്ന് കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ചെയർപേഴ്സൺ ചിന്ത ജെറോമിനെ സർക്കാർ ഉടൻ പുറത്താക്കുക. കമ്മീഷൻ്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവിൽ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ളത്. 9-ാംവകുപ്പ് പ്രകാരമുള്ള അതിൻ്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ 1908-ലെ സിവിൽ നടപടി നിയമസംഹിത(1908-ലെ 5-ാം കേന്ദ്ര ആക്ട് )പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്. പരാതിയിന്മേൽ ആളെ വിളിച്ചു വരുത്തുന്നതിനും,ഹാജരാകൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേൽവിസ്തരിക്കുന്നതിനും,രേഖകൾ കണ്ടെടുക്കുവാനും, ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനും, തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയിൽ നിന്നോ,ഏതെങ്കിലും പൊതുരേഖയോ അതിൻ്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. അതൊരു സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേർക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഗവ.സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളിൽ നിന്ന്‌ ഇത്രയും തരം താണ പ്രവൃത്തി പ്രതീക്ഷിക്കുക വയ്യ. ചെയർപേഴ്സൺ ചിന്ത ജെറോം തൽസ്ഥാനം രാജിവെച്ച് ഒഴിയണം. അല്ലെങ്കിൽ സർക്കാർ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ആർജ്ജവം കാട്ടണം .
യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ പദവിയിലിരുന്നുകൊണ്ട് രാഷ്ട്രീയ പാർട്ടി ജാഥ നയിച്ച് പദവി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട് .