എഡിഎം നവീൻ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സംശയം; പ്രശാന്തന്‍റെ പേരിലും ഒപ്പിലും വൈരുദ്ധ്യം

 

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്‍റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി . ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. കരാറിൽ പ്രശാന്തൻ എന്നും പരാതിയിൽ പ്രശാന്ത് എന്നു മാണുള്ളത്.

എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നാണ് രേഖപ്പെടുത്തിയത്. നിടുവാലൂർ സെന്‍റ് ജോസഫ് പള്ളി വികാരി ഫാദർ പോൾ എടത്തി നകത്തുമായി ഒപ്പിട്ട പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. ഇതാണ് എഡിഎമ്മിനെതിരായ പ്രശാന്തന്‍റെ പരാതി വ്യാജമാണെന്ന സംശയത്തിന് ഇടയാക്കുന്നത്. എഡിഎമ്മിന്‍റെ ആത്മഹത്യയെ തുടർന്ന് പി.പി ദിവ്യ അദ്ദേഹത്തിന് എതിരായി ഉന്നയിച്ച ആരോപണത്തെ ബലപ്പെടുത്താനാണ് ഇത്തരം ഒരു പരാതി ധൃതി പിടിച്ച് തയ്യാറാക്കിയത് എന്ന സൂചനയാണ് ലഭിക്കുന്നത്.പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന്  പള്ളി വികാരി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ ടി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തി. എഡിഎം നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിട്ടുണ്ട്. ടി.വി പ്രശാന്തൻ നൽകിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിജിലൻസിന് ലഭിച്ചിരുന്നില്ല. എഡിഎമ്മിന് എതിരായ പി.പി ദിവ്യയുടെ ആരോപണത്തിന് ശക്തി പകരാനാണ് വ്യാജ പരാതി തയ്യാറാക്കിയത് എന്ന സൂചനയാണ് പുറത്ത് വരുന്നത്.

 

Comments (0)
Add Comment