ലോക്ക്ഡൗൺ എന്ന് കേട്ടപ്പോള്‍ തന്നെ നാട്ടിലേക്ക് മുങ്ങി ; സമ്പത്തിനെതിരായ പരാതിയില്‍ സർക്കാരിനോട് മറുപടി തേടി ഗവർണർ

Jaihind News Bureau
Friday, June 5, 2020

ലോക്ക്ഡൗൺ കാലത്ത് കടമ മറന്ന് നാട്ടിലേക്ക് മുങ്ങിയ എ സമ്പത്തിന് ഈ കാലയളവില്‍ നല്‍കിയ ശമ്പളവും ക്യാബിനറ്റ് പദവിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് സമ്പത്തിനെതിരെ പരാതി നല്‍കിയത്. മാർച്ച് 22ന് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ സമ്പത്ത് കേരളത്തിലേക്ക് വണ്ടികയറിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗണിന് പിന്നാലെ ഡല്‍ഹിയില്‍ കുടുങ്ങിയ നിരവധി പേരാണ് കേരളാ ഹൗസിൽ സഹായം തേടിയെത്തിയത്. ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികളും നഴ്സുമാരും ഉൾപ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കുന്നത്തിൽ വലിയ വീഴ്ചയാണ് കേരള ഹൗസ്‌ വരുത്തിയത്. കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ അവരോധിക്കപ്പെട്ട എ സമ്പത്ത് ഇത്തരമൊരു ഘട്ടത്തില്‍ നാട്ടിലേക്ക് മുങ്ങിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കൃത്യ നിർവഹണത്തിൽ അലംഭാവം കാട്ടിയ സമ്പത്തിനെ പുറത്താക്കണമെന്നും, ശമ്പളം റദ്ദാക്കണമെന്നും അഡ്വ. കോശി ജേക്കബ് ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ക്യാബിനറ്റിന്‍റെ സ്‌പെഷ്യൽ പദവിയും, ഉയർന്ന ശമ്പളവും, സ്റ്റാഫുകളെയും നൽകി അനാവശ്യമായി ഇങ്ങനെയൊരു പദവി നിലനിർത്തേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കടമ മറന്ന് നാട്ടിലേക്ക് മടങ്ങിയ സമ്പത്തിന്‍റെ ശമ്പളം റദ്ദ് ചെയ്യണോ, തസ്തിക തന്നെ ഇല്ലാതാക്കണോ എന്ന കാര്യത്തിൽ യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകി.

കഴിഞ്ഞവര്‍ഷമാണ് സമ്പത്തിനെ സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭ നിയമിച്ചത്. സംസ്ഥാന മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. സമ്പത്തിനായി പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റുമാർ, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഡ്രൈവര്‍ എന്നീ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന വിശദീകരണത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സർക്കാർ സമ്പത്തിനെ നിയമിച്ചത്. എന്നാല്‍ കേരളത്തിലേക്ക് എത്താനാകാതെ നിരവധി മലയാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ നാട്ടിലേക്ക് വിമാനം കയറി  വിശ്രമിക്കുന്ന സമ്പത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

അഡ്വ. കോശി ജേക്കബ് ഗവർണർക്ക് നല്‍കിയ പരാതി :