ഉത്തരേന്ത്യന്‍ മോഡല്‍ കലാപം ലക്ഷ്യമിട്ട് വർഗീയ സംഘടനകള്‍; ആഭ്യന്തരവകുപ്പിനെ വെന്‍റിലേറ്ററിലാക്കി മുഖ്യമന്ത്രി മൗനാനുവാദം നല്‍കുന്നു: എന്‍എസ് നുസൂർ

Jaihind Webdesk
Sunday, December 19, 2021

 

കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിന് വർഗീയ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ് നുസൂർ. ആഭ്യന്തരവകുപ്പിനെ വെന്‍റിലേറ്ററിലാക്കി മുഖ്യമന്ത്രി ഇതിന് മൗനാനുവാദം നല്‍കുകയാണെന്നും നുസൂർ കുറ്റപ്പെടുത്തി. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും മുഖ്യമന്ത്രി മനസില്‍ ചിരിക്കുകയാണ് ചെയ്യുന്നത്. സംഭവത്തില്‍ സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും അന്വേഷണം നിഷ്പക്ഷമാവില്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാകും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കൊലപാതകത്തിന് ഇരകളായവരുടെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നതായും നുസൂർ ഫേസ്ബുക്കില്‍ കുറിച്ചു.

എന്‍എസ് നുസൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

കൊലപാതകത്തിൽ ഇരയായ SDPI സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്‍റെയും ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസിന്‍റെയും കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നു. ഈ കുടുംബങ്ങൾക്ക് അറിയില്ലല്ലോ ഇവർ മറ്റുള്ളവർക്ക് പകർന്നുനൽകിയ ആശയങ്ങളുടെ പ്രതിഫലനമാണ് കാലം സമ്മാനിച്ചതെന്ന്. പക്ഷെ അവരുടെ വളർന്നുവരുന്ന മക്കൾ .അവർ എന്ത് തെറ്റാണ് ചെയ്തത്. നാഥനില്ലാത്തവരായി ഇനിയുള്ള കാലം ജീവിക്കണ്ടേ..?
ഇതിനെ രാഷ്ട്രീയ കൊലപാതകം എന്ന സ്ഥിരം പല്ലവിയിൽ എഴുതിത്തള്ളാൻ കഴിയില്ല.കൊല്ലപ്പെട്ടത് രണ്ട് തീവ്ര വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ നേതാക്കളാണ്. ഇവർ തന്നെയാണ് മറ്റുള്ളവരിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ പകർന്നു നൽകുന്നവരുടെ കൂട്ടത്തിലുള്ളതും. “വാളെടുത്തവൻ വാളാൽ”എന്നത് അന്വർത്ഥമാവുകയാണ്. RSS ഉം SDPI യും മതേതരകേരളത്തിൽ നിരോധിക്കാനുള്ളത് തന്നെയാണ്. ഈ സംഘടനകളുടെ കഴിഞ്ഞ വർഷങ്ങളിലെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റി സമഗ്രമായ അന്വേഷണം സർക്കാർ നടത്തണം.ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും മുഖ്യമന്ത്രി മനസ്സിൽ ചിരിക്കുന്നുണ്ടാകാം. കേരളത്തിലെ ആഭ്യന്തരവകുപ്പിനെ അദ്ദേഹം വെന്റിലേറ്ററിൽ ഇട്ടിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡലിൽ സർക്കാർ സ്‌പോൺസേർഡ് വർഗ്ഗീയ കലാപത്തിന് കേരളത്തിൽ തീവ്രവർഗ്ഗീയ പ്രസ്ഥാനങ്ങൾ ലക്ഷ്യം വച്ച് കഴിഞ്ഞു . അതിന്റെ ലക്ഷണമായി ഈ കൊലപാതകങ്ങളെ കാണണം . RSS വികാരം ആളിക്കത്തിച്ചു മുസ്ലീം വിരുദ്ധതയിലേക്കും SDPI വികാരം ആളിക്കത്തിച്ചു ഹിന്ദു വിരുദ്ധതയിലേക്കും എത്തിക്കുക വഴി ഹിന്ദു സംരക്ഷണം ബിജെപിക്കും മുസ്ലീം സംരക്ഷണം സിപിഎമ്മിനും ഏറ്റെടുക്കാനുള്ള ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളത് . ഈ കൊലപാതകങ്ങളിൽ അന്വേഷണങ്ങളേക്കാളും യുവതലമുറക്കുള്ള അവബോധമാണ് ആവശ്യം. നാല് വോട്ട് ലഭിക്കാൻ വർഗ്ഗീയ സംഘടനകളെ പ്രീണിപ്പിക്കാൻ സിപിഎം ഏതറ്റംവരെയും പോകും. നമ്മുടെ തലമുറ വർഗ്ഗീയ ചിന്താഗതിയിലേക്ക് നീങ്ങരുത്. വർഗ്ഗീയതക്ക് അവസരമൊരുക്കുന്നവരെ അകറ്റി നിർത്തുക തന്നെ വേണം. ഈ കൊലപാതകങ്ങൾ വലിയ സന്ദേശമാണ് നൽകുന്നത്. വർഗ്ഗീയതക്കെതിരെയുള്ള സന്ദേശം. കൊല ചെയ്യപ്പെട്ടവർ തമ്മിൽ യാതൊരു വ്യക്തിവിരോധവും ഉണ്ടാകാനിടയില്ല എന്നാണ് പ്രാഥമികമായി മനസിലായത്. അപ്പോൾ സാഹചര്യത്തിനനുസരിച്ചു നേതൃസ്ഥാനത്തുള്ളവരെ തിരഞ്ഞെടുത്തു എന്ന് അനുമാനിക്കാം. സംസ്ഥാനത്തിന്റെ അന്വേഷണവും കേന്ദ്രത്തിന്റെ അന്വേഷണവും നിക്ഷ്പക്ഷമാകാൻ സാധ്യതയില്ല.മുൻകാലങ്ങളിൽ അത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.ജുഡീഷ്വൽ അന്വേഷണം തന്നെയാണ് വലിയ ഒരു അപകടം ഒഴിവാക്കാനും ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരാനും ഉത്തമം എന്ന് പറയേണ്ടി വരും.