തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. 14 ദിവസത്തിന് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഹസന്‍കുട്ടി എന്ന കബീറാണ് പോലീസിന്‍റെ പിടിയിലായത്. കൊല്ലത്തെ ചിന്നകടയില്‍ നിന്നുമാണ് പ്രതി പിടിയിലായത്. കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചു പിന്നീട് കുട്ടിയുടെ ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.
നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. എട്ടോളം കേസുകളിലെ പ്രതിയാണ് പിടിയിലായ ഹസന്‍കുട്ടി. നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. അതേസമയം ലൈംഗിക കുറ്റകൃത്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നയാളാണ് പ്രതിയെന്നും കഴിഞ്ഞ ജനുവരി മാസത്തിലാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയതെന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതിയെന്നും ഇയാള്‍ക്ക് സ്ഥിരമായി മേല്‍വിലാസമില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനുശേഷം പരിസരത്തെ ഓടയില്‍നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.