ശമ്പളവുമില്ല, ശമ്പള പരിഷ്കരണവുമില്ല ; വിഷുവിനും വലഞ്ഞ് കോളേജ് അധ്യാപകർ

Jaihind Webdesk
Tuesday, April 13, 2021

Thomas-Issac

കൊച്ചി : ശമ്പളമില്ലാതെ വലഞ്ഞ് കോളേജധ്യാപകർ . ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടേയും വിഷു എത്തിയിട്ടും മാർച്ച് മാസത്തിലെ ശമ്പളം ഇതുവരെ അധ്യാപകർക്ക് ലഭിച്ചില്ല. ശമ്പള പരിഷ്കരണം നടപ്പാക്കത്തതില്‍ പ്രതിഷേധിച്ചതിന് സർക്കാർ പക വീട്ടുകയാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) ആരോപിച്ചു. കോളജ് അധ്യാപകർക്ക് ഫെബ്രുവരി മുതൽ പുതുക്കിയ യുജിസി ശമ്പളം നൽകുമെന്നു ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ശമ്പള വർധന ലഭ്യമായിട്ടില്ല. ഇപ്പോൾ, വിഷുവിനു മുൻപ് മാർച്ച് മാസത്തിലെ ശമ്പളം പോലും ഇല്ലാത്ത അവസ്ഥയിലായി. 16 വർഷമായിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപകർ ഫെബ്രുവരി 10 ന് പണിമുടക്കിയിരുന്നു. പണിമുടക്കിൽ പങ്കെടുത്ത അധ്യാപകരുടെ ശമ്പള ബിൽ സ്പാർക്ക് സോഫ്റ്റ്‌വെയറിലൂടെ നൽകാൻ സാധിക്കുന്നില്ല എന്നതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നതെന്ന് അധ്യാപകർ അറിയിച്ചു.

സ്പാർക് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പിഴവുമൂലമാണു ശമ്പള പരിഷ്കരണം നടപ്പാക്കാനാവാത്തതെന്നു വരുത്തി തീർക്കാൻ നേരത്തെ സർക്കാർ ശ്രമിച്ചിരുന്നെന്ന് അധ്യാപകർ ആരോപിക്കുന്നു. എന്നാൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മാർച്ചിൽ പിഴവില്ലാതെ സ്പാർക്കിലൂടെ നടപ്പാക്കി. തങ്ങളുടെ ശമ്പള പരിഷ്കരണം നടന്നില്ലെന്നു മാത്രമല്ല വിഷുവിന് ശമ്പളവുമില്ലാത്ത അവസ്ഥയിലാണെന്ന് അധ്യാപകർ പറയുന്നു.സമരം അവകാശമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാരിന്‍റെ ഇരട്ടമുഖം വ്യക്തമായെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡോ.യു.അബ്ദുൽ കലാമും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്തും പറഞ്ഞു. കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്കരണം സംബന്ധിച്ച് ഒൻപത് ഉത്തരവുകൾ ഇറക്കിയിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല.

 

 

English Summary: College teachers not getting Salary