തീരദേശം സങ്കടക്കടലില്‍; സര്‍ക്കാര്‍ കണ്ണടയ്ക്കരുതെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം : ശക്തമായ കടലാക്രമണത്തില്‍ തുടര്‍ച്ചയായി ജീവനും ജീവിതോപാധികളും നഷ്ടപ്പെടുന്ന തീരവാസികള്‍ സങ്കടക്കടലിലാണെന്നും കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മല്‍സ്യ തൊഴിലാളികളുടെ കണ്ണീരും വേദനയും സര്‍ക്കാര്‍ കാണാതെ പോകരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ വാക്കൗട്ടിന് മുമ്പ് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ ഒരുകോടി ജനങ്ങളുടെ ഉത്കണ്ഠയാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.

സംസ്ഥാനത്തിന്‍റെ തീരദേശങ്ങളില്‍ ദുരന്തം ദുരിതമായി പെയ്തിറങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് നാല്‍പ്പത് മീറ്റര്‍ അകലെയായിരുന്ന കടല്‍ കയറി സ്വന്തം വീടിന് മുന്നിലെത്തി നില്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് അമ്മമാര്‍ ഭീതിയില്‍ കഴിയുകയാണ്. മെയ് മാസത്തില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ വരുന്ന കാലവര്‍ഷ കാലത്ത് കടല്‍ എവിടെയെത്തും എന്ന ഉത്കണ്ഠ അവര്‍ക്കുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ പഠനം അനുസരിച്ച് 530 കിലോമീറ്റര്‍ തീരം ഭീഷണിയിലാണ്. ശാന്തമായി കിടന്ന അറബിക്കടലില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ചുഴലികളും വലിയ തിരമാലകളും രൂപപ്പെടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള തീരദേശം കേരളത്തിന്റേതാണ്. അവരുടെ ജീവിതം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തീരദേശ പാക്കേജ് എന്ന പേരില്‍ എന്തെല്ലാം പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 12,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ട് 12 രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പോലും തീരദേശത്ത് നടത്തിയില്ല. ഓരോവര്‍ഷവും ആയിരവും രണ്ടായിരവും കോടികള്‍ ബജറ്റില്‍ മാറ്റിവെയ്ക്കും. എന്നാല്‍, വിശദമായ പദ്ധതി രേഖപോലും തയാറാക്കാന്‍ അഞ്ചുവര്‍ഷത്തിനിടെ കഴിഞ്ഞില്ല. ചെല്ലാനത്തിന് വേണ്ടി അഞ്ചുകോടി പ്രഖ്യാപിച്ചു. എന്നിട്ട് അവിടെ ഒന്നും നടന്നില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇടാനായി റോഡ് പണിക്കാരനെയാണ് കരാര്‍ ഏല്‍പ്പിച്ചതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. 2019ല്‍ വിഴിഞ്ഞത്ത് മണല്‍ കെട്ടിക്കിടക്കുന്നതിന്‍റെ പരാതി അറിയിച്ചിട്ടും പരിഹാരം കണ്ടില്ല.

ഇപ്പോള്‍ മൂന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു. വിഴിഞ്ഞത്തെ മണ്ണ് നീക്കേണ്ടത് അദാനിയാണോ ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്‌മെന്റാണോയെന്ന് തര്‍ക്കമാണ്. അന്ന് തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ മൂന്നു ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു. ചെന്നൈ ഐഐടിയുടെ പഠനങ്ങളൊന്നും സര്‍ക്കാര്‍ മുഖവിലക്ക് എടുക്കുന്നില്ല. പ്രകൃതിക്കും കടലിനും തീരവാസികള്‍ക്കും ഇണങ്ങാത്ത പദ്ധതികളാണോ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മല്‍സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള തുക അപര്യാപ്തമാണ്. 15 സെന്റ് ഭൂമിയുള്ളവര്‍ക്ക് നല്‍കുന്നത് ആറുലക്ഷം രൂപയാണ്. ഈ പണം കൊണ്ട് അവര്‍ക്ക് മറ്റൊരിടത്ത് സ്ഥലം വാങ്ങാനോ വീടുവെയ്ക്കാനോ സാധിക്കില്ല. സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് അവിടേക്ക് മാറി താമസിക്കാനും കഴിയുന്നില്ല. കടലില്‍ മല്‍സ്യസമ്പത്ത് കുറഞ്ഞുവരികയാണ്. അതിനാല്‍, കേരളത്തിന്റെ സൈന്യത്തെ പട്ടിണിയില്‍ ഇടാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. നഷ്ടപരിഹാരത്തുക അടിയന്തരമായി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.