മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി ; മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തില്‍ നെയ്ത്ത് തൊഴിലാളികള്‍

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. കൈത്തറി വികസന കോർപ്പറേഷനിലെ ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും ശമ്പളം ഇതുവരെ ലഭിച്ചില്ല. തൊഴിലാളികളും ജീവനക്കാരും പട്ടിണിയിൽ. സി.ഐ.ടി.യു സംസ്ഥാന നേതാവും ഹാൻവീവ് ചെയർമാനുമായ കെ.പി സഹദേവൻ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ താല്‍പര്യം കാണിക്കുന്നില്ലെന്ന് തൊഴിലാളികൾക്ക് ആക്ഷേപം.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈത്തറി വികസന കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം ലഭിക്കാത്തത് സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തത് മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഹാന്‍വീവിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ഹാന്‍വീവ് ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ നാല് മാസമായി ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല.

സംസ്ഥാനത്ത് കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 റീജിയണൽ ഓഫീസുകളും അമ്പതോളം ഷോറൂമുകളും മുപ്പതിലധികം ഉത്പാദന കേന്ദ്രങ്ങളുമുള്ള ഹാൻവീവിൽ 200 സ്ഥിരം ജീവനക്കാരും 3000 ത്തോളം സ്ഥിരം നെയ്ത്ത് തൊഴിലാളികളുമുണ്ട്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കൂടിയായ ഹാന്‍വീവ് ചെയർമാൻ കെ.പി സഹദേവൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താല്‍പര്യം കാണിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഏപ്രിൽ മാസം പകുതി വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാർക്ക് നൽകിയത്.

പ്രതിസന്ധികൾക്കിടയിലും സൗജന്യ സ്കൂൾ യൂണിഫോമിനായി തയാറാക്കിയ 30 ലക്ഷത്തോളം മീറ്റർ തുണിത്തരങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. 3 കോടിയോളം രൂപ റിബേറ്റ് കുടിശികയിനത്തിൽ സർക്കാരിൽ നിന്നും ഹാൻവീവിന് ലഭിക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സര്‍ക്കാര്‍ നല്‍കാനുള്ള മൂന്ന് കോടിയിലധികം രൂപ കുടിശികയായതും ഹാന്‍വീവിന് തിരിച്ചടിയായി. ഓണത്തിനും പട്ടിണി കിടക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. സർക്കാർ നൽകാനുള്ള കുടിശിക തുക നൽകിയാൽ ജീവനക്കാരുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന നിലപാടിലാണ് ഹാൻഡ് വീവ് ചെയർമാൻ.

https://youtu.be/swlqmQTkGLI

Comments (0)
Add Comment