തിരുവനന്തപുരം : ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ വിചിത്രമായ മറുപടി പൊതുസമൂഹത്തെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ വെള്ള പൂശാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായി മാറിയിരിക്കുകയാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാദങ്ങളെ ഖണ്ഡിക്കുന്ന തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന വിദേശ കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയിലെ ഇ ബസ് കരാർ നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാദങ്ങൾ നിലനിൽക്കുന്നതല്ല. സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യ എന്ന പേരിലാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഒരു അന്താരാഷ്ട്ര കമ്പനി, നിയമത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വിവിധ പേരുകൾ സ്വീകരിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം ഫലപ്രദമാകണമെങ്കിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയുടെ നെറ്റ്‌വർക്ക് തന്നെ നിരോധിക്കണമെന്നും സെബി പറയുന്നുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ സെബിയുടെ നിർദേശങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യ എന്നത് വേറെ കമ്പനിയാണെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
https://www.facebook.com/JaihindNewsChannel/videos/971815796585139/