ഡൽഹി: സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ ദിനപത്രം. പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ പത്രത്തിനു നൽകിയ അഭിമുഖം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. അഞ്ചു വർഷത്തിനിടെ 150 കി. ഗ്രാം സ്വർണവും 123 കോടി രൂപയുടെ ഹവാല പണവും മലപ്പുറം ജില്ലയിൽനിന്ന് പിടികൂടിയെന്നും ഇത് സംസ്ഥാനവിരുദ്ധ, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുമുള്ള പരാമർശമാണു വിവാദം സൃഷ്ടിച്ചത്. പിആർ ഏജൻസി നൽകിയ മറുപടിയാണു പ്രസിദ്ധീകരിച്ചതെന്നു പറഞ്ഞ് പത്രം ഖേദപ്രകടനം നടത്തിയിരിക്കുകയാണ്.
മലപ്പുറം ജില്ലക്കെതിരെയുള്ള വിവാദ പരാമർശത്തിൽ വ്യാപക വിമർശനമുയർന്നതോടെ ‘ദി ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. പത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് പത്രം വിശദീകരണവുമായി രംഗത്തുവന്നത്.
‘‘മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്താൻ പിആർ ഏജൻസിയായ കൈസൻ ‘ദ ഹിന്ദു’വിനെ സമീപിച്ചു. സെപ്തംബർ 29 ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ ഞങ്ങളുടെ മാധ്യമപ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി. അവിടെ മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അഭിമുഖം ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്നു. തുടർന്ന്, പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. ഇത് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ഉൾപ്പെടുത്തണമെന്ന് പി.ആർ ഏജൻസി പ്രതിനിധി രേഖാമൂലം മാധ്യമപ്രവർത്തകയോട് ആവശ്യപ്പെടുകയായിരുന്നു. ഈ വരികളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ആ വരികൾ ഉൾപ്പെടുത്തിയത് വീഴ്ചയാണ്, അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഈ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു” -എന്നാണ് എഡിറ്ററുടെ പേരിലുള്ള കുറിപ്പിൽ പറയുന്നത്.
എന്നാല്‍’ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖം പിണറായും ഓഫീസും തള്ളിയാലും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കു തിരിച്ചടിയാകും. മലപ്പുറം ജില്ലയിൽ വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നുണ്ടെന്നു വാർത്താസമ്മേളനത്തിൽ അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷം സംസ്ഥാനത്തു പിടിയിലായ സ്വർണക്കടത്തിന്‍റെയും ഹവാല പണത്തിന്‍റെയും കണക്കുകൾ അവതരിപ്പിച്ചാണ്, മലപ്പുറത്തെ കാര്യം പ്രത്യേകമെടുത്ത് ഊന്നിപ്പറയുന്നത്.
കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണവും ഹവാല പണവും വരുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇതിനോട് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ കേസുകൾ പെരുപ്പിച്ചുകാട്ടുന്നുവെന്നും മലപ്പുറത്തെ ക്രിമിനൽ കേന്ദ്രമായി ചിത്രീകരിക്കാൻ നീക്കം നടക്കുന്നുവെന്നും ആക്ഷേപം ഉയരുമ്പോഴാണ് ഇതേ വാദങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രി വി. അബ്ദുറഹ്‌മാൻ മുതൽ പി.വി അൻവറും പ്രതിപക്ഷ സംഘടനകളുമെല്ലാം ഇതേ ആക്ഷേപം പോലീസിനെതിരെ ഉയർത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കരിപ്പൂർ വിമാനത്താവളം വഴി നടക്കുന്ന സ്വർണക്കടത്തും ഹവാല ഇടപാടുമെല്ലാം മലപ്പുറത്തിൽ കണക്കിൽ ഉൾപ്പെടുത്തി ജില്ലയിലെ കേസുകൾ മുഖ്യമന്ത്രി ഉയർത്തിക്കാണിക്കുന്നതെന്ന ആക്ഷേപം അന്നു തന്നെ ഉയർന്നിരുന്നു.
മലപ്പുറത്ത് കേസുകൾ പെരുപ്പിച്ചുകാണിക്കുന്നുവെന്നും ഡാൻസാഫ് സംഘം സ്വർണം പൊട്ടിക്കുന്നുവെന്നുമുള്ള അൻവറിന്‍റെ ആരോപണങ്ങളെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അൻവറിനോടുള്ള ആദ്യത്തെ പരസ്യ പ്രതികരണം കൂടിയായിരുന്നു. ‘ദ ഹിന്ദു’വിലെ വിവാദ പരാമർശങ്ങൾ തെറ്റായി പ്രസിദ്ധീകരിച്ചതാണെന്നു വ്യക്തമായാലും, ഇതേ ഉള്ളടക്കമുള്ള വാർത്താസമ്മേളനത്തിന്‍റെ വീഡിയോ രേഖകൾ മുഖ്യമന്ത്രിക്ക് തീര്‍ച്ചയായും തിരിച്ചടിയാകും.