വികസനമല്ല, കെ റെയിലിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യം കമ്മീഷന്‍: കെ മുരളീധരന്‍ എംപി

Jaihind Webdesk
Saturday, November 27, 2021

 

കണ്ണൂർ : വികസനം അല്ല കമ്മീഷനാണ് കെ റെയിലിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് കെ മുരളീധരൻ എംപി. ജനങ്ങൾക്ക് യാതൊരു ഉപകാരമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. ജനക്ഷേമത്തിന് മാറ്റിവെക്കാൻ പണമില്ലാത്ത സർക്കാരിന് കെ റെയിലിനു പണമുണ്ടെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച പദയാത്രയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി കെ മുരളീധരൻ എംപി നയിച്ച പദയാത്ര മുണ്ടയാട് നിന്നാണ് ആരംഭിച്ചത്. സണ്ണി ജോസഫ് എംഎൽഎ ജാഥാനായകന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉൾപ്പെടെ വിവിധ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ജാഥയിൽ അണിനിരന്നത്.

പദയാത്ര കണ്ണുർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. സമാപന പൊതുയോഗത്തിൽ കേന്ദ്ര-സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കെ മുരളിധരൻ എംപി നടത്തിയത്. ഗാന്ധിജി വില്ലനും ഗോഡ്‌സെ നായകനുമാവുന്ന കാലഘട്ടത്തിലേക്കാണ് രാജ്യത്തെ ബിജെപി കൊണ്ടുപോകുന്നത്. ചരിത്രം ബിജെപി വളച്ചൊടിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാകിസ്ഥാൻ മത്രമേ ശത്രുസ്ഥാനത്ത് ഉണ്ടായിരുന്നുള്ളു. എന്നാൽ മോദി സന്ദർശിച്ച 45 ഓളം രാജ്യങ്ങളിൽ പലരും ഇന്ന് ശത്രുപക്ഷത്താണെന്നും കോൺഗ്രസ് എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് തിരിച്ചുവരുമെന്നും കെ മുരളീധരൻ എംപി പറഞ്ഞു.

വികസനം അല്ല കമ്മീഷനാണ് കെ റയിലിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. രണ്ടുകാലിൽ പോയവർക്ക് മൂക്കിൽ പഞ്ഞിവെച്ചു വരേണ്ട സ്ഥിതി ആണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ കാർബൺ കോപ്പിയാണ് പിണറായി സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ വെച്ച് ചെറുകഥാകൃത്ത് ടി പത്മനാഭനെ ആദരിച്ചു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, എഡി മുസ്തഫ, പിടി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.