മുഖ്യമന്ത്രിയുടെ വിദേശയാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചിട്ടില്ല. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുമ്പ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി. ഇക്കാര്യം രാഷ്ട്രപതിയെ താന്‍ കത്തിലൂടെ അറിയിച്ചിരുന്നെന്നും ഗവർണർ പറഞ്ഞു.

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരായ പീഡനപരാതിയില്‍ ഒന്നും പറയാനില്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ  പ്രതികരിച്ചിട്ടുണ്ടല്ലോയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment