‘മുഖ്യമന്ത്രിയുടെ ദൂതന്‍ സമീപിച്ചു, മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ടു’: സ്വപ്നാ സുരേഷ്

Jaihind Webdesk
Thursday, June 9, 2022

 

മുഖ്യമന്ത്രിക്കെതിരായ മൊഴിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചതായി സ്വപ്നാ സുരേഷ്. ഷാജ് കിരൺ എന്നയാളാണ് മുഖ്യമന്ത്രിക്ക് വേണ്ടി കാണാനെത്തിയത്. താൻ കഴിഞ്ഞ ദിവസം കൊടുത്ത രഹസ്യ മൊഴിയിൽ നന്നു പിൻമാറണമെന്നും അഭിഭാഷകന്‍റെ സമ്മർദത്തിലാണു നൽകിയതെന്നു പറയണം എന്നും ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സ്വപ്‌നാ സുരേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഷാജ് കിരണ്‍ കാണാനെത്തിയതെന്ന് സ്വപ്ന ഹർജിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീർപ്പിനു വഴങ്ങണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടതായി സ്വപ്ന പറയുന്നു. ഒത്തു തീർപ്പിനു തയാറാകാത്ത പക്ഷം കുടുതൽ വകുപ്പുകൾ ചുമത്തി ദീർഘ കാലം ജയിലിലടക്കുമെന്നും സരിത്തിനെയും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തി നൽകിയതെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. അതേസമയം ഒരു സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നാണ് ഷാജ് കിരണിന്‍റെ വിശദീകരണം.