മുഖ്യമന്ത്രിയുടേത് പെരുമാറ്റച്ചട്ട ലംഘനം : തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടി.എൻ പ്രതാപൻ എം.പി

തൃശൂർ : മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ടി.എൻ പ്രതാപൻ എം.പി. ഔദ്യോഗിക പദവി രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തെന്ന് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് കൊവിഡിനെക്കുറിച്ചും വാക്സിനേഷനെ സംബന്ധിച്ചും ഔദ്യോഗിക അറിയിപ്പുകൾ നൽകാൻ വിളിച്ച പത്ര സമ്മേളനം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനും വാഗ്ദാനങ്ങൾ നൽകുന്നതിനുമുള്ള വേദിയാക്കി മാറ്റിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ സി.പി.എമ്മിന്‍റെ പാർട്ടി ഓഫീസിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റികയുടെ മുന്നിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ടി.എൻ പ്രതാപൻ എം.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

വൃദ്ധസദനങ്ങളിലെയും കെയർ ഹോമുകളിലെയും അന്തേവാസികൾക്ക് അവർ താമസിക്കുന്നിടത്ത് വാക്സിനേഷൻ സൗകര്യമൊരുക്കുമെന്നും ചൂട് കൂടുതലുള്ള കാലാവസ്ഥയിൽ പതിനൊന്ന് മണി മുതൽ 3 മണി വരെ തൊഴിലാളികളെക്കൊണ്ട് തൊഴിലുടമകൾ ജോലി ചെയ്യിപ്പിക്കരുതെന്നും അഭ്യസ്തവിദ്യരായ യുവാക്കൾക്കും സ്ത്രീകൾക്കും നാട്ടിൽ തിരികെയെത്തിയ പ്രവാസികൾക്കും കെ ഡെസ്കിന്‍റെ വെബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ ജോലി ലഭിക്കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളുമാണ് പാർട്ടി ചിഹ്നത്തിനു മുന്നിൽ പാർട്ടി ഓഫീസിലിരുന്ന് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയിലും കണ്ണൂർ ജില്ലയിലെ ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്ന നിലയിലും പിണറായി വിജയൻ ചെയ്തത് അങ്ങേയറ്റത്തെ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ടി.എൻ പ്രതാപൻ എം.പി കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണ് സ്ഥാനാർത്ഥിയെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും പിണറായി വിജയൻ നടത്തിയതെന്ന് ടി.എൻ പ്രതാപൻ എം.പി ചൂണ്ടിക്കാട്ടി.  മുഖ്യമന്ത്രിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment