ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് രക്ഷിക്കാനുളള എല്ലാ മാര്‍ഗവും അടഞ്ഞപ്പോള്‍; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, July 16, 2020

രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്‍റെ മേലേക്ക് അന്വേഷണം നീളുന്നു എന്ന് കണ്ടപ്പോള്‍ ശിവശങ്കറിനെ സസ്പെന്‍റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അത് നടക്കില്ല.മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കർ ചെയതത്. അതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്‍റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ശിവശങ്കർ മാത്രമല്ല മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്‍റെ  തെളിവുകളാണ് പുറത്ത് വരുന്നത്.

കള്ളക്കടത്തുകാര്‍ക്ക് ഗൂഢാലോചന നടത്താന്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ്. അതിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്തരിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി എന്നതിന്‍റെ തെളിവുകളാണ് ഇവയെല്ലാമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.