മാസ്ക് ധരിക്കുന്നതിൽ അലംഭാവം, കർശന നടപടി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, September 22, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ഏതാണ്ട് നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്ക് ധരിക്കുന്നതില്‍ അലംഭാവം ഉണ്ടാകുന്നുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് എതാണ്ട് നിയന്ത്രണ വിധേയമായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉന്നതതല യോഗം ചേരും. വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആകെ 3.44 കോടി പേർ ഒന്നും രണ്ടും ഡോസ് വാക്സിൻ എടുത്തു. 24 ലക്ഷം പേരാണ് ഒന്നാം ഡോസ് വാക്സിൻ എടുക്കാനുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നുതന്നെയാണ്. 16.45 ശതമാനമാണ് ഇന്നത്തെ ടിപിആർ.