മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളുടെ വീടുകളിലെത്തിക്കാന്‍ നിര്‍ദ്ദേശം ; രോഗവ്യാപനത്തിനിടെയിലെ തീരുമാനത്തിനെതിരെ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം

തിരുവനന്തപുരം :പ്രവേശനോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വീടുകളിൽ നേരിട്ടെത്തിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ അധ്യാപകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.

പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ എന്തിനാണ് അച്ചടിച്ച സന്ദേശം നേരിട്ട് എത്തിക്കുന്നതെന്ന് അധ്യാപകര്‍ ചോദിക്കുന്നു. നിര്‍ദേശം രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുമോ എന്നും അധ്യാപകര്‍ക്കിടയില്‍ ആശങ്കയുണ്ട്‌. മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണമെന്നും നാളെ മുതല്‍ എല്ലാ കുട്ടികളുടെയും വീട്ടില്‍ എത്തിക്കാനുമാണ് നിര്‍ദേശം.

അതേസമയം തീരുമാനം അപ്രായോഗികമാണെന്ന് കെപിഎസ്ടിഎയും ചൂണ്ടിക്കാട്ടി. ഓൺലൈനായിതന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തത്. പ്രവേശനോത്സവം സംബന്ധിച്ച തയാറെടുപ്പുകൾക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂ.

അതിനിടയിൽ അധ്യാപകർ വഴിയുള്ള നോട്ടിസ് വിതരണം അസാധ്യമാണ്. അതിനാൽ ഇക്കാര്യത്തിൽ അധ്യാപകരെ നിർബന്ധിക്കുന്ന നിലപാടുകൾ വിദ്യാഭ്യാസ ഓഫിസർമാരുടെ പക്കൽ നിന്നുണ്ടാകരുതെന്നും വീടുകളിൽ നോട്ടിസെത്തിക്കുന്നതിൽനിന്നും അധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.

 

 

Comments (0)
Add Comment