സി എം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യും; ശിവശങ്കറിന്‍റെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

Jaihind News Bureau
Friday, December 18, 2020

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുന്നു. ഇന്നലെ 13 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം രാത്രി 11.15 ഓടെയാണ് രവീന്ദ്രൻ ഇ ഡി ഓഫീസിൽ നിന്നും മടങ്ങിയത്. സ്വത്ത് വിവരങ്ങളുടേയും വിദേശയാത്രയുടേയും രേഖകൾ ഹാജരാക്കാൻ ഇ ഡി ഇന്നലെ രവീന്ദ്രന് നിർദ്ദേശം നൽകിയിരുന്നു. അതിനിടെ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും.

രാത്രി പതിനൊന്നരയോടെയാണ് സി എം രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ ഇഡി പൂര്‍ത്തിയാക്കിയത്. ഇദ്ദേഹത്തിന്‍റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷം തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും.

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്തത്.  ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ നീണ്ടു നിന്നത് 14 മണിക്കൂര്‍ ആണ്. കേസിലെ പ്രതികള്‍ നല്‍കിയ മൊഴികളുടേയും അന്വഷണ വേളയില്‍ കണ്ടെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിവിധ സർക്കാര്‍ പദ്ധതികളുടെ ടെന്‍ഡർ നടപടികള്‍, നിക്ഷേപകര്‍, ഊരാളുങ്കലിന് നല്കിയ വിവിധ കരാറുകള്‍,  ലൈഫ് മിഷൻ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം ചോദ്യങ്ങളുണ്ടായി. മാധ്യമങ്ങൾ രവീന്ദ്രനോട് പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി.

രവീന്ദ്രന്‍ നല്‍കിയ മൊഴികള്‍ ലഭ്യമായ തെളിവുകള്‍ വെച്ച് വിശദമായി വിലയിരുത്തും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൈമാറിയ രേഖകളും പരിശോധിക്കും. ഇതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രന്‍ നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇ ഡിക്ക് മുന്നില്‍ ഹാജരായത്.