സ്വർണക്കടത്ത് : ചോദ്യംചെയ്യലിന് ഹാജരാകാൻ സി.എം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകും

Jaihind News Bureau
Saturday, November 21, 2020

 

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകും. കൊവിഡ് പരിശോധനഫലം നെഗറ്റീവായി ആശുപത്രി വിട്ടതിനു പിന്നാലെയാണ് ഇ.ഡി നടപടി. കഴിഞ്ഞ 6ന് ഹാജരാകണമെന്ന് ഇഡി രവീന്ദ്രനോട്നിർദേശിച്ചിരുന്നു. എന്നാല്‍ അന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലേന്നു ലഭിച്ച കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയെന്നായിരുന്നു വിശദീകരണം.

17 ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. പ്രമേഹ ബാധിതനാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ജവഹർ നഗറിലെ ഗസറ്റഡ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിൽ ക്വാറന്റീനിൽ കഴിയുന്ന രവീന്ദ്രനെ 7 ദിവസം കഴിഞ്ഞു വീണ്ടും കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെയും കൊവിഡ് ബാധിച്ച് 7 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിനേശനും കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങി.