സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് ; ഡിസംബർ 10 ന് ഹാജരാകാന്‍ നിർദ്ദേശം

Jaihind News Bureau
Friday, December 4, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ്. ഡിസംബർ 10 ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.  മൂന്നാം തവണയാണ് ചോദ്യംചെയ്യലിനായി രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കുന്നത്.

മുൻപ് രണ്ട് തവണ ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് നല്‍കിയിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞമാസം 6ന് ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തലേ ദിവസം കൊവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടി. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ വീണ്ടും  ഹാജരാകാൻ നോട്ടിസ് നൽകി. എന്നാൽ കൊവിഡാനന്തര ചികിത്സകള്‍ക്കെന്ന പേരില്‍ രവീന്ദ്രൻ  മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും  അറസ്റ്റിലായ മറ്റു രണ്ടു പേരുടെയും മൊഴികളിൽനിന്നു രവീന്ദ്രന്റെ ചില ഇടപാടുകളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനായി ഇഡി  നോട്ടീസ് നൽകിയത്.