ഒടുവിൽ വൈകുന്നേരം ആറു മണിക്കുള്ള പതിവ് വാർത്താ സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചു.
സ്പ്രിങ്ക്ളർ വിവാദത്തെ തുടർന്ന് തീർത്തും പ്രതിരോധത്തിലായിപ്പോയ മുഖ്യമന്ത്രിക്ക് പിൻവലിയുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു.
കൊവിഡ് കാലത്തെ പ്രതിച്ഛായ നിർമിതിയിൽ ഉപദേശക വൃന്ദത്തിന്‍റെ അസൂത്രണമായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. ഒരു മഹാമാരി കാലത്ത് ജനങ്ങളുടെ ആശങ്കയിലേക്ക് കൃത്യമായി ഉന്നം വെക്കുകയായിരുന്നു പി.ആർ ജോലിക്കാർ. എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിൽ മാത്രം കേന്ദ്രീകൃതമായി നീങ്ങണം എന്ന താത്പര്യം വേറെ. ആരോഗ്യ മന്ത്രി അടക്കമുള്ളവർ ക്യാബിനറ്റ് കളത്തിന് പുറത്തായി. ഓരോ ദിവസവും രോഗികളുടെ എണ്ണം അടക്കമുള്ള വിവരങ്ങൾക്കായി വൈകുന്നേരം ആറ് മണി വരെ കാത്തിരിക്കണം എന്നതായി സ്ഥിതി.
ഇതിനിടയിൽ തെരുവ് നായ്ക്കൾക്കളുടെ പട്ടിണിയെ കുറിച്ച് വരെ ഉത്കണ്ഠപ്പെടുന്ന മുഖ്യമന്ത്രിയെ കുറിച്ച് ആസ്ഥാന പാണൻമാർ പാടി നടന്നു. സർക്കാർ പ്രവർത്തനങ്ങളിലെ പോരായ്മകൾ ചൂണ്ടി കാണിച്ചവർക്കൊക്കെ സംസ്ഥാന ദ്രോഹികളുടെ ചാപ്പ കുത്താൻ പിണറായി ഭക്തജന സംഘം മത്സരിച്ചു. പ്രവാസികളുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയ കെ.പി.സി.സി അധ്യക്ഷനും മറുപടി അധിക്ഷേപം മാത്രം. സ്പ്രിങ്ക്ളർ ഇടപാടിൽ പക്ഷേ അടി തെറ്റി. മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ നടന്ന ഇടപാട് ഗുരുതരമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തി. സംശയമുനകൾ പിണറായി വിജയനെ കുത്തി നോവിക്കുന്നതായിരുന്നു. സൈബർ ടീമിന്‍റെ പ്രതിരോധ ചിറകൾ പ്രതിപക്ഷ നേതാവിന്‍റെ നിരന്തരമുള്ള വെളിപ്പെടുത്തലുകൾക്ക് മുന്നിൽ തകർന്നു പോയി.
ദുരിതാശ്വാസ നിധി ചെലവഴിക്കുന്നതിനെ കുറിച്ചുള്ള കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചാരി ഒരു രാഷ്ട്രീയ പ്രത്യാക്രമണത്തിന് ഈ കൊവിഡ് കാലത്തും പിണറായി മുതിർന്നു. പക്ഷേ കെ.എം ഷാജി തിരിച്ചടിച്ചതോടെ അതും പാളി. ഒളിച്ചോടുകയല്ലാതെ മുഖ്യമന്ത്രിക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ലാതായി എന്നതാണ് വാസ്തവം. എന്തായാലും വാർത്താ സമ്മേളനം അവസാനിപ്പിച്ചതുകൊണ്ട് ചോദ്യങ്ങൾ ഇല്ലാതാകുന്നില്ല. സ്പ്രിങ്ക്ളർ ഇടപാടിൽ പ്രത്യയശാസ്ത്രപരമായി പോലും സി.പി.എം വരും ദിവസങ്ങളിൽ മറുപടി പറയേണ്ടി വരും. മടിയിൽ കനമുള്ളവരൊക്കെ വഴിയിൽ പേടിക്കേണ്ടി വരുമെന്ന് ചുരുക്കം.