‘മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തി’ ; സ്വപ്നയുടെ മൊഴി പുറത്ത് ; സ്ഥിരീകരിച്ച് ശിവശങ്കറും

Jaihind Webdesk
Wednesday, August 11, 2021

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഡോളർക്കടത്ത് കേസിലെ ഷോക്കോസ് നോട്ടീസിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി ചേർത്തിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്  ഡോളർക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സ്വപ്ന സുരേഷ്, സരിത്ത് ഉൾപ്പെടെയുള്ള  പ്രതികൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്ക് ഡോളർക്കടത്തിൽ പങ്കുണ്ടെന്നായിരുന്നു സ്വപ്ന അടക്കമുള്ളവരുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ പി.ശ്രീരാമകൃഷ്ണനെയും പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തിയിരുന്നില്ല. സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയിലാണ് 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴി വിദേശ കറന്‍സി കടത്തിയെന്ന വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അൽദൗഖി കറൻസി എത്തിച്ചു നൽകിയെന്നാണ് ഷോക്കോസ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണൻ എന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം ശിവശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കൈമാറിയത് യു എ ഇ പ്രതിനിധികൾക്കുള്ള മൊമെന്‍റൊ ആയിരുന്നു എന്നാണ് ശിവശങ്കറിന്‍റെ വിശദീകരണം. കൃത്യസമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കർ പറയുന്നു.എന്നാൽ സ്വപ്ന നൽകിയ മൊഴിയിൽ അത് മൊമെന്‍റൊ അല്ല ഡോളർ തന്നയാണെന്ന് വ്യക്തമാക്കുമ്പോൾ ഒരു ഇടവേളക്ക് ശേഷം ഡോളർക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും തലവേദന സൃഷ്ടിക്കുകയാണ്.