മുഖ്യനെ ആശങ്കപ്പെടുത്തി കെ.എസ്.യു സമരം; അതീവസുരക്ഷാ മേഖലകളിലെ കെ.എസ്.യു പ്രതിഷേധത്തില്‍ ഡി.ജി.പിയോട് റിപ്പോർട്ട് തേടി

യൂണിവേഴ്സിറ്റി കോളേജ്, പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന ശക്തമായ സമരത്തില്‍ ഉലഞ്ഞ് മുഖ്യമന്ത്രി. അതീവസുരക്ഷാ മേഖലകളിലും കെ.എസ്.യു പ്രതിഷേധം ഉയരുന്നതില്‍ മുഖ്യമന്ത്രി ഇന്‍റലിജന്‍സിനെ അതൃപ്തി അറിയിച്ചു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ കടന്നെത്തിയതിന് പിന്നാലെ ക്ലിഫ് ഹൗസിന്‍റെ മുന്നിലും കെ.എസ്.യു പ്രതിഷേധം എത്തിയതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ ഇന്‍റലിജന്‍സിന് സംഭവിക്കുന്ന വീഴ്ചയില്‍ മുഖ്യമന്ത്രി ഡി.ജി.പിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന് പിന്നാലെ വെളിപ്പെട്ട പരീക്ഷാ ക്രമക്കേടുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുന്നത്. ഇതിനോടനുബന്ധിച്ചാണ് കെ.എസ്.യു വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്. ഏതാനും ദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും കെ.എസ്.യുവിന്‍റെ വനിതാ പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വരെ കടന്നെത്തി മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. തടയാന്‍ വനിതാ പോലീസ് അവിടെ ഉണ്ടായിരുന്നില്ല. കര്‍ശന നിയന്ത്രണങ്ങളുള്ള ഇവിടേക്ക് ഇത്തരത്തില്‍ ഒരു പ്രതിഷേധം നടന്നത് മുഖ്യമന്ത്രിയെ ആശങ്കപ്പെടുത്തിയിരുന്നു. പിന്നാലെ ക്ലിഫ് ഹൗസിന്‍റെ ഗേറ്റിന് മുന്നില്‍ വരെയും സമരക്കാര്‍ കടന്നെത്തി. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസം അത്തരമൊരു നീക്കം നടക്കുമെന്നത് മുന്‍കൂട്ടി കണ്ടെത്താനാകാത്തതിലും ആവശ്യത്തിന് വനിതാ പൊലീസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രിക്ക്അതൃപ്തിയുണ്ട്.

ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്‍റെ ഓഫിസിന് മുന്നിലും, അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നിലും കെ.എസ്.യുവിന്‍റെ ശക്തമായ പ്രതിഷേധമുണ്ടായി. ഇന്‍റലിജന്‍സ് വീഴ്ചയാണിതെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയുള്ളത്. ഇതിന് പിന്നാലെയാണ് ഇന്‍റലിജന്‍സ് വീഴ്ചയെപ്പറ്റി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പരാജയമാണ് സുരക്ഷാമേഖലകളിലെ സമരങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലുള്ള വീഴ്ചയെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതേത്തുടര്‍ന്നാണ് ഡി.ജി.പിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്.

അതേസമയം കെ.എസ്.യു നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ കാര്യങ്ങള്‍ തിരക്കാനോ തയാറാകാത്ത നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. നീതിക്ക് വേണ്ടിയുള്ള  കെ.എസ്.യു പോരാട്ടത്തെ  പോലീസിനെ ഉപയോഗിച്ച് അതിക്രൂരമായി  അടിച്ചമർത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കെ.എസ്.യു തീരുമാനം.

ksu strikepinarayi vijayan
Comments (0)
Add Comment