സ്പ്രിങ്ക്ളറില്‍ മാധ്യമങ്ങളെ പഴിചാരി മുഖ്യമന്ത്രി; ചോദ്യങ്ങളെ ക്ഷോഭത്തോടെ അവഗണിച്ചു

Jaihind News Bureau
Monday, April 20, 2020

തിരുവനന്തപുരം:  സ്പ്രിങ്ക്‌ളര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചതെന്ന് ചരിത്രം തീരുമാനിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ നുണകള്‍ പ്രചരിപ്പിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേരമില്ലെന്നും ക്ഷോഭത്തോടെ പ്രതികരിച്ചു.

സ്പ്രിംഗ്‌ളറും ഫൈസറും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിക്കുകൂടി അറിവുള്ളതായിരുന്നോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്കെന്തെല്ലാം വിവാദങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ ആ വഴിക്കെല്ലാം നിങ്ങള്‍ നോക്കിക്കോളൂ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഐ.ടി സെക്രട്ടറി മാത്രമെടുത്ത തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് ഐ.ടി സെക്രട്ടറി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഐ.ടി സെക്രട്ടറിയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മകള്‍ വീണാ വിജയന്‍റെ സ്ഥാപനവുമായി ഉയര്‍ന്നുവന്ന വിവാദങ്ങളെക്കുറച്ചുള്ള ചോദ്യത്തിന് ക്ഷോഭത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഓ ഭയങ്കര ഗുരുതരമല്ലേ… ഭയങ്കര ഗുരുതരമാണത്. ഇത്തരം കാര്യങ്ങളുമായി പുറപ്പെടുന്നത് എല്ലാവര്‍ക്കും മനസിലാകും. അതിലൊന്നും ഞാനൊന്നും പറയാന്‍ പോവുന്നില്ല. അതെന്തോ വലിയ ആനക്കാര്യമാണ് എന്നമട്ടില്‍ അവതരിപ്പിക്കാനും നോക്കണ്ട. എല്ലാവര്‍ക്കും അത് മനസിലാകും’, അദ്ദേഹം പറഞ്ഞു.

അതേസമയം സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതല്‍ വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്പ്രിങ്ക്ളറിനൊപ്പം  മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ  എക്സലോജികിന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. സ്ഥാപനത്തിന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പലതും സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണ് കമ്പനിയുടെ നോമിനി.

2014 ൽ ബംഗലുരുവിലാണ് വീണ വിജയൻ എക്സലോജിക് എന്ന ഐ.ടി സ്ഥാപനം തുടങ്ങുന്നത്. ആദ്യ രണ്ട് വർഷം വരുമാനം ഒന്നുമില്ല. കനത്ത നഷ്ടവും ഉണ്ടായി. ഇത് മറികടക്കാൻ ധനലക്ഷ്മി ബാങ്കിൽ നിന്നും 50 ലക്ഷം രൂപ വായ്പ എടുത്തു. എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്ന് 25 ലക്ഷം കൂടി കടം വാങ്ങി. വ്യവസായ പ്രമുഖനായ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എംപവർ ഇന്ത്യ. ശശിധരൻ കർത്തയ്ക്ക് കേരളത്തിൽ കരിമണൽ ഖനനത്തിന് അനുമതി ലഭിച്ചത് ഈ കാലയളവിലാണ്. കരിമണൽ കേസിൽ സുപ്രീം കോടതിയിൽ കർത്തക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഒത്തു കളിച്ചു എന്ന സംശയം ഇതോടെ ശക്തിപ്പെടുന്നു.

2016-17 വർഷവും നഷ്ടത്തിലായ കമ്പനിയിലേക്ക് വീണയും എംപവർ ഇന്ത്യയും ചേർന്ന് 18 ലക്ഷം രൂപ കൊണ്ടു വരുന്നു. തൊട്ടടുത്ത വർഷം എക്സലോജിക് ലാഭത്തിലായി. ഒരു കോടിയോളം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. എന്തായാലും നഷ്ടത്തിലായ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് വൻ തുക വായ്പ നൽകിയത് മുതൽ സംശയങ്ങൾ തുടങ്ങുന്നു. ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ വീണയുടെ കമ്പനിയെ കൈ അയച്ച് സഹായിച്ചതിന് പിന്നിൽ നടന്ന ചരടുവലികളും ഭരണത്തിന്‍റെ ഉന്നത ശ്രേണിയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ന്യായമായി കരുതാം.