റൂൾസ് ഓഫ് ബിസിനസ് ഭേദഗതി : മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

Jaihind News Bureau
Wednesday, October 14, 2020

റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിലെ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വൈകുന്നതിൽ മന്ത്രിസഭാ യോഗത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി. അതേസമയം ഭേദഗതിയിൽ രണ്ടു മന്ത്രിമാർക്കു അതൃപ്തി ഉണ്ടായി എന്ന്‌ മാധ്യമങ്ങളിൽ വാർത്ത വന്നതിൽ ഗോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി.

റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിലെ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ആഴ്ച സാവകാശമാണ് മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ റിപ്പോർട്ട് വയ്ക്കാൻ ഉപസമിതി അംഗങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

കരട് റിപ്പോർട്ട് ചർച്ച ചെയ്ത യോഗത്തിലെ എതിർപ്പുകൾ മാധ്യമങ്ങൾ വാർത്തയാക്കിയതിലും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ നീരസം പ്രകടിപ്പിച്ചു. വാർത്ത പുറത്തുവന്നത് വസ്തുതയാണോയെന്നും എങ്ങനെ വിവരങ്ങൾ പുറത്തായെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്നതിൽ ഘടക കക്ഷി മന്ത്രിമാരുടെ എതിർപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

റൂൾസ് ഓഫ് ബിസിനസ്സിൽ 15 വർഷത്തിന് ശേഷമാണ് സർക്കാർ മാറ്റം വരുത്തുന്നത്. എന്നാൽ പൊതു ഭരണ വകുപ്പ് തയ്യാറാക്കിയ ഭേദഗതി നിർദ്ദേശങ്ങളാണ് ഇപ്പോൾ വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം കിട്ടുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്നതാണ് പ്രധാന നിർദ്ദേശങ്ങളെന്നാണ് ആക്ഷേപം. അതാത് വകുപ്പുകളുടെ ചുമതല മന്ത്രിമാർക്കൊപ്പം സെക്രട്ടറിക്ക് കൂടി കിട്ടുന്ന രീതിയിലാണ് ഭേദഗതി നിർദ്ദേശം. നിലവിൽ പ്രധാന ഫയലുകളെല്ലാം മന്ത്രിമാർ കണ്ട് മാത്രമേ തീർപ്പാക്കാൻ കഴിയൂ. എന്നാൽ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാർക്ക് തന്നെ ഫയ‌ൽ തീർപ്പാക്കാം. ഇക്കാര്യത്തിൽ ഘടക കക്ഷി മന്ത്രിമാർക്കു അതൃപ്തി ഉണ്ട്.