ഗവർണർക്കെതിരെ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല ; സി.പി.എമ്മിന്‍റേത് വഴിപാട് സമരം : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, January 4, 2020

Mullapaplly-Ramachandran

ഗവർണർക്കെതിരെ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വനിയമ ഭേദഗതിക്കെതിരേ അതിശക്തമായി പ്രതികരിച്ചത് കോൺഗ്രസ് മുഖ്യമന്ത്രിമാർ മാത്രമാണ്. വിഷയത്തിൽ ഒരക്ഷരം പോലും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ 11 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് ഇതേ വിഷയത്തിൽ കത്തെഴുതിയത് തികഞ്ഞ വിരോധാഭാസമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമം പാസായശേഷം സി.പി.എം ഇതുവരെ ശക്തമായ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിട്ടില്ല. അർധമനസോടെ വഴിപാട് സമരങ്ങൾ മാത്രമാണ് നടത്തിയതെന്നും കെ.പി.സി.സി അധ്യക്ഷൻ കുറ്റപ്പെടുത്തി.

ഗവർണറുടെ രാഷ്ട്രീയം കളിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍ അദ്ദേഹം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ കണ്ണുംപൂട്ടി നടപ്പാക്കുന്നതില്‍ വ്യാപൃതനാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പൗരത്വ നിയമഭേദഗതിക്കെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ചു. സി.പി.എമ്മുകാര്‍ കരിനിയമം എന്നു വിശേഷിപ്പിച്ച യു.എ.പി.എ ചുമത്തി സ്വന്തം പാര്‍ട്ടിക്കാരെ ജയിലിലടച്ചു. സ്വേഛാധിപതികളുടെ ഈഗോ നിരപരാധികളെ തടവിലാക്കുന്നുവെന്നും ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്നുമുള്ള ജയിലില്‍ കഴിയുന്ന അലന്‍റെ അമ്മ സബിത ശേഖറിന്‍റെ വാക്കുകള്‍ മുഖ്യമന്ത്രി ഓര്‍ക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമം പാസായശേഷം സി.പി.എം ശക്തമായ ഒരു പ്രക്ഷോഭ പരിപാടിയും സംഘടിപ്പിച്ചില്ലെന്നും അര്‍ധമനസോടെ വഴിപാട് സമരങ്ങള്‍ മാത്രമാണ് നടത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ടില്‍ കണ്ണുനട്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഒരക്ഷരം പോലും മിണ്ടാത്ത മുഖ്യമന്ത്രി, സി.പി.ഐയെയും മുന്‍ മുഖ്യമന്ത്രി അച്യുതമേനോനെയും കിട്ടുന്ന അവസരത്തിലൊക്കെ കൊട്ടുകയാണ്. കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ അച്യുതമേനോനും സി.പി.ഐയും ഭൂപരിഷ്‌കരണം അട്ടിമറിച്ചെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. സി.പി.ഐ എത്രനാള്‍ ഈ അവഹേളനം കേട്ട് കഴിയുമെന്നും മുല്ലപ്പള്ളി ചോദിച്ചു.