തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട മുഖമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല ഉൾപ്പടെയുള്ള കാര്യങ്ങളിലെ ഇടതുമുന്നണിയുടെ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അരൂരിൽ തീരദേശ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മഞ്ചേശ്വത്ത് ചെന്നപ്പോൾ വിശ്വാസികൾക്കൊപ്പമെന്ന് പറയുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകന്‍റെ വേഷം കെട്ടുകയാണ്. ഈ വൈരുദ്ധ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് കാണാൻ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയമാണ് കേരളത്തിലെ ജനങ്ങൾ മനസിലാക്കി. പാഷാണം വർക്കിയെ പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തരംതാണ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് താനല്ല, പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
വർഗീയ കാർഡിറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യു.ഡി.എഫ് എന്നും വിശ്വാസികൾക്കൊപ്പമാണ്. മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്ന നിലപാടല്ല പിണറായി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മണ്ണെണ്ണ സബ്സിഡി മത്സ്യതൊഴിലാളികൾക്ക് നിർത്തലാക്കിയത് ഇടത് സർക്കാരാണ്. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 100 കോടി രൂപ തൊഴിലാളികൾക്കായി മാറ്റിവെക്കുമായിരുന്നു. രണ്ട് ദിവസം നീണ്ട് നിൽകുന്ന തീരദേശ ജാഥയ്ക്കാണ് പള്ളിത്തോട്ടിൽ തുടക്കമായത്. ഹൈബി ഈഡൻ എം.പി, ഡൊമിനിക് പ്രസന്‍റേഷൻ, ഷിബു ബേബി ജോൺ തുടങ്ങി നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ജാഥയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
https://www.facebook.com/rameshchennithala/videos/406610590027819/