മുഖ്യമന്ത്രി സാങ്കല്‍പിക ലോകത്ത്; കുറ്റവാളികൾക്ക് എത്രനാൾ സംരക്ഷണം ഒരുക്കുമെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Tuesday, September 15, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രി സാങ്കല്‍പിക ലോകത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ സാങ്കല്‍പിക കഥയാണെന്ന് പറഞ്ഞ് കുറ്റവാളികൾക്ക് എത്രനാൾ മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയാണ് അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത്.   ഇ.പി ജയരാജന്‍റെ ഭാര്യ ബാങ്ക് ലോക്കർ തുറന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലീലിനെ മുഖ്യമന്ത്രി പൂർണമായും ന്യായീകരിക്കുകയാണ്. സംശയനിവാരണത്തിന് വേണ്ടിയാണെങ്കിൽ എന്തിനാണ് ജലീൽ തലയിൽ മുണ്ടിട്ട് ഇ. ഡിയുടെ ചോദ്യം ചെയ്യലിന് പോയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഒരു മന്ത്രി പുത്രൻ ലൈഫ് പദ്ധതിയിൽ നിന്ന് കമ്മീഷൻ വാങ്ങി എന്ന വാർത്ത പുറത്തുവന്ന സമയത്താണ് മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ലോക്കർ പരിശോധിക്കാൻ ചെന്നത്. ഇത് മുഖ്യമന്ത്രി നിസാരവൽക്കരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമർത്തുന്ന കിരാത നയം ജനങ്ങൾ അംഗീകരിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ഹരിപ്പാട്, തോട്ടപ്പളളി കരിമണൽ ഖനനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി