വിദേശ യാത്രയുടെ പേരിൽ മുഖ്യമന്ത്രി ഖജനാവ് കൊള്ളയടിക്കുന്നു: കെ സുധാകരൻ എംപി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്രയുടെ മറവിൽ സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. കുടുംബാംഗങ്ങളുടെ ചിലവ് വഹിക്കുന്നത് സ്വന്തം നിലയ്ക്കാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമൊക്കെ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും വിദേശയാത്രയ്ക്ക് ചെലവഴിക്കുന്ന തുക എത്രയാണെന്ന് ജനങ്ങളോട് സിപിഎം തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂർ ഡിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.

“അവരുടെ ചെലവ് സ്വന്തമായി എടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകുന്ന വിശദീകരണം. അതൊക്കെ അങ്ങ് പള്ളിയിൽ പോയിപറഞ്ഞാൽ മതി. പുല്ലു പായ ഇട്ടു നിലത്തു കിടക്കുകയാണോ അവർ ചെയ്യുന്നത്. വിദേശത്ത് പോയാൽ എത്ര ചെലവാണെന്ന് എല്ലാവർക്കുമറിയാം. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്നതുക എത്രയാണെന്ന് ജനങ്ങളോട് തുറന്നു പറയാൻ സിപിഎം തയാറാകണം” – കെ സുധാകരന്‍ എംപി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക തകർച്ച ഏറ്റവും രൂക്ഷമായിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി ഖജനാവ് കൊള്ളയടിച്ചുകൊണ്ട് വിദേശയാത്ര നടത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സഹപ്രവർത്തകന്‍റെ ചിതയിൽ നിന്നും പുക അടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി വിദേശ യാത്ര നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. അരനൂറ്റാണ്ടുകാലം കോടിയേരിയുടെ കർമ്മ രംഗമായ തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ കൂടി കഴിഞ്ഞിട്ടില്ല. തിരക്ക് പിടിച്ചു പിറ്റേ ദിവസം മുഖ്യമന്ത്രിക്ക് വിദേശ യാത്രയ്ക്ക് പോകേണ്ടതിനാലാണ് കോടിയേരിയുടെ ഭൗതിക ശരീരം കണ്ണൂരിൽ മാത്രം പൊതുദർശനത്തിന് വെച്ചത്.

ഇതിന് മുമ്പും മുഖ്യമന്ത്രി വിദേശ യാത്ര നടത്തിയപ്പോൾ എന്തു നേട്ടമാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കണം ഒരു കൊടചക്രവും വിദേശ യാത്രയ്ക്ക് പോയിട്ട് അദ്ദേഹം കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ തവണ പോയപ്പോൾ റൂഫ് വാട്ടർ സിസ്റ്റം പഠിച്ച് കേരളത്തിൽ നടപ്പിലാക്കുമെന്നാണ് പറഞ്ഞത്. ഒന്നും നടപ്പിലായില്ലെന്ന് എല്ലാവർക്കും അറിയാം. ഈ ചെറിയ കാലയളവിൽ എൺപതാമത്തെ വിദേശ യാത്രയാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെ സുധാകരൻ എംപി ആരോപിച്ചു.

സിപിഎം പാർട്ടി കോൺഗ്രസ് നടത്തി കണ്ണൂർ സ്‌റ്റേഡിയം മലിനമാക്കിയതിനാണ് കോർപ്പറേഷൻ പിഴ ചുമത്തിയതെന്നും കെ സുധാകരന്‍ എംപി കൂട്ടിച്ചേര്‍ത്തു. വാടകയ്ക്കെടുത്ത സ്ഥലം വൃത്തിയോടെ തിരിച്ചേൽപ്പികേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ട് പ്രകാരം നിയമാനുസൃതമായാണ് കോർപറേഷൻ നടപടിയെടുത്തതെന്നും കെ സുധാകരൻ എംപി വ്യക്തമാക്കി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment