‘മുഖ്യമന്ത്രിക്ക് ഭയം, സർക്കാർ നടത്തുന്നത് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം’: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 11, 2022

 

തിരുവനന്തപുരം: വിജലൻസ് മേധാവിയെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ അനുമതിയില്ലാതെ പോലീസ് ഉദ്യോഗസ്ഥർ മധ്യസ്ഥശ്രമത്തിന് പോകില്ല. വിജിലൻസ് മേധാവിയെ മാറ്റിയത് സർക്കാരിന്‍റെ കള്ളക്കളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിജിലൻസ് ഡയറക്ടർ എം.ആർ അജിത് കുമാറിനെ മാറ്റിയ നടപടി സർക്കാരിന്‍റെ മുഖം രക്ഷിക്കാനാണ്. സർക്കാറിന്‍റെ അറിവില്ലാതെ ഉദ്യോഗസ്ഥർ മധ്യസ്ഥശ്രമത്തിന് പോകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്ത് വരണം. വിജിലൻസ് ഡയറക്ടർ എംആർ അജിത്ത് കുമാറിനെ മാറ്റിയ നടപടി അപമാനകരമാണ്. മുഖ്യമന്ത്രി പോലീസ് കോട്ട കെട്ടി അതിനകത്ത് ഇരിക്കുകയാണ്. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് വിജിലൻസ് മേധാവി എംആർ അജിത് കുമാറിനെ മാറ്റിയത്. ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകിയത്. കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിപ്പിക്കാനായി അജിത് കുമാറും ഇടപെടലുകൾ നടത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. തന്‍റെ മുന്നിൽ ഷാജ് കിരൺ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്‍റെ ഫോണിലേക്ക് അജിത് കുമാർ വാട്ട്സ്ആപ്പ് കോൾ ചെയ്തുവെന്നും സ്വപ്ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം.