പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല; സ്വപ്‌നയ്ക്ക് ചെല്ലും ചെലവും കൊടുത്ത് കൊണ്ടുനടക്കുന്നത് സിപിഎമ്മും സംഘപരിവാറും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 28, 2022

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കോടതിക്ക് നല്‍കിയിരിക്കുന്ന രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തിലേക്ക് വരാതെ സിപിഎം സ്ഥിരമായി പറയുന്ന സംഘപരിവാര്‍-കോണ്‍ഗ്രസ് അജണ്ടയാണെന്ന ക്ലീഷെ വാചകം മുഖ്യമന്ത്രി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിലും ഇത് തന്നെയാണ് പറഞ്ഞത്. സ്വപ്‌ന സുരേഷിന് സംഘപരിവാര്‍ സംഘടന ചെല്ലും ചെലവും കൊടുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെ സ്വപ്‌നയ്ക്ക് ഒന്നര ലക്ഷം രൂപ ശമ്പളം നല്‍കി ചെല്ലും ചെലവും നല്‍കിയിരുന്നത് സര്‍ക്കാരാണ്. സി.പി.എമ്മും സംഘപരിവാറുമാണ് മാറിമാറി ചെല്ലും ചെലവും കൊടുത്ത് സ്വപ്നയെ കൊണ്ട് നടക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കര്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും ഒരു നടപടിയും എടുത്തില്ല. അതേസമയം നിയമപ്രകാരം കോടതിയില്‍ 164 സ്‌റ്റേറ്റ്‌മെന്‍റ് നല്‍കിയ സ്വപ്‌ന സുരേഷിനെതിരെ കലാപ ആഹ്വാനത്തിന് സര്‍ക്കാര്‍ കേസെടുത്തത് എന്തിനാണെന്ന പ്രതിപക്ഷ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി നിരപരാധി ആണെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടിയില്ല. നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ നിയമവിരുദ്ധമായി സരിത്തിനെ വിജിലന്‍സ് സംഘം തട്ടിക്കൊണ്ടു പോയി ഫോണ്‍ പിടിച്ചെടുത്തത് വകുപ്പ് മന്ത്രിയായ താന്‍ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അന്വേഷണത്തിനായി മുഖ്യമന്ത്രി തന്നെ വിളിച്ച് വരുത്തിയ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ കാലാവധി നീട്ടിയത് എന്തിനാണെന്ന ചോദ്യത്തിനും മറുപടിയില്ല. ഷാജ് കിരണ്‍ എന്ന ഇടനിലക്കാരനെ വിട്ടത് എന്തിനാണെന്ന ചോദ്യത്തിനും മറുപടിയില്ല. ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിയുടെ ഫാന്‍ ആണെന്നാണ് ഷാജ് കിരണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിജിലന്‍സ് ഡയറക്ടറും ഷാജ് കിരണും തമ്മില്‍ ഫോണില്‍ സംസാരിച്ചത് എന്തിന് വേണ്ടിയാണെന്നത് സംബന്ധിച്ചും ഒരക്ഷരം പറയാന്‍ മുഖ്യമന്ത്രി തയാറായില്ല.

സ്വര്‍ണക്കടത്തില്‍ ഒരു വര്‍ഷം മുന്‍പുണ്ടായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എല്ലാവര്‍ക്കും കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയില്‍, ദുബായിലേക്ക് നയതന്ത്ര ചാനല്‍ വഴി ബാഗ് കൊണ്ട് പോയിട്ടുണ്ടെന്ന് ശിവശങ്കര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാഗ് കൊണ്ടു പോകാന്‍ മറന്നിട്ടില്ലെന്ന് നിയമസഭയില്‍ മറുപടി നല്‍കിയ മുഖ്യമന്ത്രി, ഇന്ന് പറഞ്ഞത് നയതന്ത്രചാനലിലൂടെ സ്‌കാനിങ് കഴിഞ്ഞ ശേഷമാണ് ബാഗ് കൊണ്ടു പോയതെന്നാണ്. ബാഗ് കൊണ്ടു പോയിട്ടില്ലെന്ന് നിയമസഭയില്‍ ഉത്തരം നല്‍കിയ ആളാണ് ഇന്ന് മാറ്റിപ്പറഞ്ഞത്. കറന്‍സി ഉണ്ടെന്ന് പറയപ്പെടുന്ന ബാഗ് സ്‌ക്രീനിങ് ചെയ്താണ് വിട്ടതെങ്കില്‍ എന്തിനാണ് നയതന്ത്രചാനലിനെ ആശ്രയിച്ചത്? മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടിയോട് കൂടി ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ മറുപടി ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുത്തുകയാണ്.

സംഘപരിവാറുമായി കേസ് ഒത്തുതീര്‍പ്പാക്കിയത് സിപിഎമ്മാണ്. സരിത്തിന്‍റെ മൊഴിയില്‍ തുടരന്വേഷണം നടക്കാത്തത് ഈ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ്. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ യു.ഡി.എ് കെട്ടിച്ചമച്ചതല്ല. മുഖ്യമന്ത്രിയുടെ അത്രയും അധികാരങ്ങള്‍ ഉണ്ടായിരുന്ന ശിവശങ്കറിനൊപ്പമുണ്ടായിരുന്ന സ്വപ്‌ന സുരേഷാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ സരിതയെയാണ് സ്വപ്‌നയ്‌ക്കെതിരെ ജലീല്‍ കൊടുത്ത കേസില്‍ സാക്ഷിയാക്കിയിരിക്കുന്നത്. തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട സരിതയില്‍ നിന്നും പരാതി എഴുതി വാങ്ങിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ഈ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഒരു സ്ത്രീ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിന് തയാറാകാത്തത്? 57 മിനിട്ട് സംസാരിച്ചിട്ടും പ്രതിപക്ഷം ഉയര്‍ത്തിയ ഒരു ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല.

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യയെ സോണിയ ഗാന്ധി കണ്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. മറുപടി പറഞ്ഞപ്പോള്‍ ഇന്ന് മാറ്റിപ്പറഞ്ഞു. സര്‍ക്യൂട്ട് ഹൗസില്‍ പോയി കണ്ടെന്നാണ് പറഞ്ഞത്. കലാപത്തെ തുടര്‍ന്നാണ് എം.പിയുടെ ഭാര്യ സര്‍ക്യൂട്ട് ഹൗസിലെത്തി സോണിയ ഗാന്ധിയെ കണ്ടത്. എന്നിട്ട് ഇന്നലെ എന്തിനാണ് മുഖ്യമന്ത്രി നുണ പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.