ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി; ആർഎസ്എസിന്‍റെ പേരെടുത്ത് പറയാതെ പ്രതികരണം

Jaihind Webdesk
Saturday, August 27, 2022

 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ആർഎസ്എസിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണെന്നും ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ആക്രമണത്തിൽ പ്രതികരിച്ച സിപിഎം നേതാക്കൾ ബിജെപിയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് ആരോപണമുന്നയിച്ചിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്കമാക്കുന്നു. ഓഫീസിന് പുറത്തുണ്ടായിരുന്ന പോലീസുകാര്‍ ബൈക്കിന്‍റെ പിറകെ ഓടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

സംഭവം നടക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഓഫീസിലുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു. ഇന്നലെ വഞ്ചിയൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നും ബിജെപിയും ആര്‍എസ്എസും നാടിന്‍റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.