എസ്എഫ്ഐ ഗുണ്ടായിസം: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാപ്പ് പറയണമെന്ന് വി.എം സുധീരന്‍

Jaihind Webdesk
Saturday, June 25, 2022

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സിപിഎം ഒറ്റപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അക്രമത്തെ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും നിലപാട് വിശ്വാസത്തിലെടുക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമം നടത്തിയവര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായും ധാര്‍മ്മികവുമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കഴിയണം. രാജ്യത്തെ ജനാധിപത്യ സമൂഹമനസാക്ഷിയെ ഞെട്ടിച്ച വയനാട് സംഭവത്തില്‍ രാഹുല്‍ ഗാന്ധിയോടും രാഷ്ട്രത്തോടും മാപ്പ് പറയാന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തയാറാകണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

 

വി.എം സുധീരന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എം.പി.ഓഫീസ് അടിച്ചുതകര്‍ക്കുകയും ജീവനക്കാര്‍ക്കുനേരെ മാരകമായ അക്രമം അഴിച്ചുവിടുകയും ചെയ്ത എസ്.എഫ്.ഐ. ക്രിമിനലുകളുടെ കിരാതതാണ്ഡവത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായി സി.പി.എം. സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.
ബി.ജെ.പി.യുടെ വര്‍ഗ്ഗീയ ഫാസിസത്തിന്‍റെ ചുവടുപിടിച്ചുകൊണ്ട് സി.പി.എം. അനുവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ ഫാസിസ്റ്റ് ശൈലിക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി തന്നെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
ആര്‍ക്കും ന്യായീകരിക്കാനാകാത്ത നടപടിയാകയാല്‍ മുഖ്യമന്ത്രിയും സി.പി.എം. കേന്ദ്ര-സംസ്ഥാന നേതാക്കളും എസ്.എഫ്.ഐ. അക്രമത്തെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായിരിക്കയാണ്.

എസ്.എഫ്.ഐ.അക്രമത്തെ അപലപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം അതേപടി മുഖവിലയ്‌ക്കെടുക്കാന്‍ മുന്‍കാലാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കുമാവില്ല.
സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തു വന്നിട്ടുള്ള അക്രമസംഭവങ്ങളെ ആദ്യഘട്ടത്തില്‍ തള്ളിപ്പറയുകയും പിന്നീട് ആ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ പണം ദുരുപയോഗപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതിവരെ കേസ് നടത്തിയ മുഖ്യമന്ത്രിയുടെയും സി.പി.എം. നേതൃത്വത്തിന്റെയും പ്രവര്‍ത്തനശൈലി കണ്ടറിഞ്ഞ ജനങ്ങള്‍ക്ക് വയനാട് സംഭവത്തിലുള്ള ഇക്കൂട്ടരുടെ പ്രസ്താവനകളും പ്രഖ്യാപനങ്ങളും വിശ്വാസത്തിലെടുക്കാനാവില്ല.

കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമിച്ച മുഴുവന്‍ എസ്.എഫ്.ഐ. കുറ്റവാളികള്‍ക്കുമെതിരെ സംഘടനാപരമായും നിയമപരമായും ധാര്‍മ്മികമായും കര്‍ശനവും മാതൃകാപരവുമായി നടപടികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും സി.പി.എം. നേതൃത്വത്തിനും കഴിയണം. ആ തരത്തില്‍ സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന നിലയില്‍ സമഗ്ര നടപടികളുമായി മുന്നോട്ടുപോകുമോ എന്നതാണ് ഏവരുടെയും മനസ്സിലുയരുന്ന പ്രസക്തമായ ചോദ്യം. ഇതിന് വിശ്വാസയോഗ്യവും തൃപ്തികരവുമായ ഉത്തരമാണ് സര്‍ക്കാര്‍-പാര്‍ട്ടി നടപടികളിലൂടെ ലഭിക്കേണ്ടത്.
അതോടൊപ്പംതന്നെ രാജ്യത്തെ ജനാധിപത്യ സമൂഹമനസാക്ഷിയെ ഞെട്ടിച്ച വയനാട് സംഭവത്തില്‍ രാഹുല്‍ ഗാന്ധിയോടും രാഷ്ട്രത്തോടും മാപ്പുപറയാന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തയാറാകുകയും വേണം.