‘വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ്’; മറിയക്കുട്ടിയുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കെ. സുധാകരന്‍

 

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള സമരത്തിലൂടെ ശ്രദ്ധേയയായ വയോധിക മറിയക്കുട്ടിക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും പോസ്റ്റില്‍ സുധാകരന്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്‍റെ അവകാശമായാണ് . എന്നാൽ പെൻഷൻ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്‍റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം.

സിപിഎം ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ അശ്ലീല കഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി നിർമ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ്.

Comments (0)
Add Comment