കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കാലാവസ്ഥാ തട്ടിപ്പാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നും ട്രംപ് ആരോപിച്ചു.
ആഗോളതാപനത്തിന്റെ ഭാഗമായി കൊടുംചൂടും വരൾച്ചയും ഭക്ഷ്യക്ഷാമവും മൂലമുള്ള ദുരന്തങ്ങൾ ഉടനുണ്ടാകുമെന്ന ആഗോള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹസിച്ചത്. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നും ട്രംപ് ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണക്കാരായി അമേരിക്കയെ അവതരിപ്പിക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തി കോടിക്കണക്കിന് ഡോളറിന്റെ വരുമാനം നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കാലാവസ്ഥാ റിപ്പോർട്ടിന്റെ പേരിൽ ജനങ്ങളെ ഭീതിയിലാഴ്ത്താനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്-ട്രംപ് പറഞ്ഞു. കാലാവസ്ഥയിൽ മാറ്റങ്ങൾ കാണുന്നുണ്ടെന്നും അത് തുടർന്നുകൊണ്ടിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ആഗോളതാപനം തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച പാരീസ് ഉടമ്ബടിയിൽനിന്ന് കഴിഞ്ഞവർഷം ജൂണിൽ അമേരിക്ക പിൻമാറിയിരുന്നു.
ദക്ഷിണ കൊറിയയിൽ നടന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് യോഗത്തിലാണ് ഭൂമിയെ രക്ഷിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞർ അന്തിമ മുന്നറിയിപ്പ് നൽകിയത്. 10 വർഷത്തിനകം കാർബൺ പുറന്തള്ളൽ വെട്ടിക്കുറച്ചില്ലെങ്കിൽ നിലവിലെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്നും ഇത് വൻദുരന്തത്തിന് വഴിവയ്ക്കുമെന്നും 33 പേജുള്ള റിപ്പോർട്ടിൽ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെയൊക്കെ പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.