തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി. മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പിൻവലിക്കണം. തുടർന്ന് വിശദീകരണം നൽകണമെന്നും മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കി.
സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ പ്രതികരിച്ചു. സജി ചെറിയാന്റെ വാക്കുകൾക്ക് ആദരവില്ല. ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അല്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാൽ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സർക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.