ജലപീരങ്കി, മര്‍ദ്ദനം, പോലീസ് അതിക്രമം; മഹാരാജാസ് കോളേജിലേക്ക് നടത്തിയ കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: മഹാരാജാസ് കോളേജിലേക്ക് നടത്തിയ കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. മഹാരാജാസ് കോളേജിന്‍റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് കെ വിദ്യാ  എന്ന എസ് എഫ് ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും , എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ എഴുതാത്ത പരീക്ഷ പാസ്സ് ആയ വിഷയത്തിലും മഹാരാജാസ് കോളേജിലെ ഇടതുപക്ഷ അധ്യാപക അനധ്യാപക സംഘടനയ്ക്കും എസ് എഫ് ഐ നേതൃത്വത്തിനും പങ്കുണ്ടെന്നും ആരോപിച്ച് മഹാരാജാസ് കോളേജിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ  മാർച്ചിലാണ്  സംഘര്‍ഷമുണ്ടായത്.

എറണാകുളം ഡി സി സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച്‌ കോളജിന് സമീപം പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായി. പോലീസ് നിരവധി തവണ  ജലപീരങ്കിപ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സംസ്ഥാന പ്രസിഡന്‍റ്  അലോഷ്യസ് സേവ്യര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നേരത്തെ കെ. എസ്. യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കോളജിൽ നടന്ന ക്രമക്കേട് അധികാരികളുടെ അറിവോടെയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. തട്ടിപ്പിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ നേതൃത്വം വിദ്യാർത്ഥി സമൂഹത്തിന് മുഴുവൻ അപമാനമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡണ്ട് കൃഷ്ണ ലാൽ, സംസ്ഥാന ജില്ല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment