കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിറവത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഡോ. സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായത്.
നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന സിന്ധു മുൻ പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. പേമെന്‍റ് സീറ്റാണ് ഇതെന്നും സാമുദായിക താൽപര്യങ്ങൾ പരിഗണിച്ചാണ് ഇവരെ സ്ഥാനാർത്ഥിയാക്കിയതെന്നും ആരോപണം ഉയർന്നു. ജോസ് കെ മാണിക്കെതിരെ ആരോപണവുമായി പാർട്ടി വിട്ട ജില്‍സ് പെരിയപുറം രംഗത്തെത്തി.
കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു. സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സിപിഎം പുറത്താക്കിയ ആൾക്ക് വേണ്ടി പിറവത്ത് എങ്ങനെ സിപിഎം പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജിൽസ് ചോദിച്ചു. സ്ഥാനാര്‍ത്ഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. തന്‍റെ കയ്യില്‍ പണമില്ലാത്തതാണ് പ്രശ്നമെന്നും ജില്‍സ് പറയുന്നു
നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക‌് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.