തിരഞ്ഞെടുപ്പിന് 3 നാളുകള്‍ മാത്രം ശേഷിക്കെ ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കര്‍ശന സുരക്ഷയൊരുക്കി സൈന്യം

ഡല്‍ഹി: ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തുടര്‍ച്ചയായി മൂന്നാം ദിവസവും ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉന്നത കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷ വലയത്തിലാണ് ജമ്മുകശ്മീര്‍. ഗ്രാമത്തില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്.

ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്‌നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം ജില്ലകളിലെ 16 മണ്ഡലങ്ങള്‍ക്കൊപ്പം ചെനാബ് താഴ്വരയിലെ ദോഡ, കിഷ്ത്വാര്‍, റാംബാന്‍ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്.
വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്. കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. കിഷ്ത്വാര്‍, ഉധംപുര്‍, പൂഞ്ച്, രജൗറി ജില്ലകളില്‍ ശനിയാഴ്ച സുരക്ഷാസേന ഭീകരവിരുദ്ധ നടപടികള്‍ സജീവമാക്കിയിരുന്നു. കിഷ്ത്വാര്‍ ജില്ലയില്‍ ഛത്രൂ ബെല്‍റ്റില്‍ സൈന്യം ഭീകരര്‍ക്കായി നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

Comments (0)
Add Comment