സി.പി.എം സ്ഥാനാർഥി നിർണയത്തിൽ കാസർഗോഡ് സി.പി.എമ്മിൽ ചേരിതിരിവ്. കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായി മുൻ ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രനെ പരിഗണിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചിരുന്നു. ഇത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് അഭിപ്രായഭിന്നത രൂക്ഷമായത്. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തുകയായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് കെ.പി സതീഷ്ചന്ദ്രന്റെയും എം.വി ബാലകൃഷ്ണന്റെയും പേരുകൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എം.പിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ചർച്ചയ്ക്കായി യോഗത്തിൽ അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ എം.വി ബാലകൃഷ്ണനെ അനുകൂലിച്ച് ജില്ലാ സെക്രട്ടറിയേറ്റിലെയും കമ്മിറ്റിയിലെയും പ്രബലവിഭാഗം രംഗത്തെത്തുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി വി.പി മുസ്തഫ, വി.കെ രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ കെ കുഞ്ഞിരാമൻ, പി അപ്പുക്കുട്ടൻ, സി പ്രഭാകരൻ തുടങ്ങിയവരാണ് എതിർപ്പുമായി രംഗത്തെത്തിയത്. രണ്ട് തവണ എം.എൽ.എയായ സതീഷ് ചന്ദ്രനെ വീണ്ടും പരിഗണിക്കുന്നതിന് പകരം ഇതുവരെ അവസരം ലഭിക്കാത്ത നേതാക്കളെ പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എം.വി ബാലകൃഷ്ണന്റെ പേരാണ് ഇവർ ഉയർത്തിക്കാട്ടിയത്.
എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം അംഗീകരിക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടു. ഒടുവിൽ അന്തിമതീരുമാനം എടുക്കാനായി രണ്ട് പേരുടെയും പേരുകൾ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് റിപ്പോർട്ട് ചെയ്തു. സംസ്ഥാനകൗൺസിലിലും ചർച്ച ചെയ്ത് അന്തിമതീരുമാനം കൈക്കൊള്ളും.