ഐഎന്‍എല്‍ അംഗത്വ വിതരണത്തിനിടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍, കയ്യാങ്കളി

Jaihind Webdesk
Wednesday, August 18, 2021

 

കാസർഗോഡ് :  ഐഎൻഎൽ അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കാസിം ഇരിക്കൂർ – അബ്ദുൾ വഹാബ് പക്ഷങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

അഖിലേന്ത്യ ട്രഷറർ ഡോ. എ അമീൻ ഉദ്ഘാടകനായ ചടങ്ങിനിടെയാണ് കാസിം ഇരിക്കൂർ – അബ്ദുൾ വഹാബ് പക്ഷക്കാർ തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന സമവായ നീക്കങ്ങൾക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുൾ വഹാബ് പക്ഷം ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം ആരംഭിച്ചത്.

തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും നേതാക്കൾക്ക് മുന്നിൽ ഉന്തും തള്ളുമായി. പിന്നാലെ അബ്ദുള്‍ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും നീക്കി. പാർട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശ്നത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു.