ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാടില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ കടുത്ത ഭിന്നത. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. യുവതികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് തുടരുന്നത് ബിജെപിയ്ക്കും സംഘപരിവാര്‍ ശക്തികള്‍ക്കും പ്രതിപക്ഷത്തിനും ശക്തിപകരുന്നതായിരിക്കുമെന്ന വിലയിരുത്തലാണ് പൊതുവേ ഉണ്ടായത്.
വിശ്വാസികളില്‍ നല്ലൊരു പങ്കും സുപ്രീംകോടതി വിധിയ്ക്ക് എതിരാണ്. വിശ്വാസികളായ സ്ത്രീകളാണെങ്കില്‍ ശബരിമലയ്ക്ക് പോകാനും തയ്യാറല്ല. പ്രതിപക്ഷവും പ്രത്യേകിച്ച് കോണ്‍ഗ്രസും വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാടും വിശ്വാസികളില്‍ ആദരവ് ഉണ്ടാക്കിയിട്ടുണ്ട്. പരസ്യമായി സമരം ചെയ്യുന്ന ബിജെപിയ്ക്കും ഇത് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ മറ്റൊരു തരത്തിലുള്ള അഭിപ്രായ പ്രകടനമായിരുന്നു കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതി എംപി നടത്തിയ പരാമര്‍ശം. നട തുറന്ന ഉടനെ തന്നെ ചില യുവതികൾ ചാടിക്കയറി ശബരിമലയിൽ പോകുന്നത് സർക്കാരിന് പാര വെക്കാനാണോ എന്നു സംശയമുണ്ടെന്ന് എന്നായിരുന്നു പി.കെ.ശ്രീമതി കണ്ണൂരിൽ പറഞ്ഞത്. ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച യുവതികൾക്കെതിരെയായിരുന്നു പി.കെ ശ്രീമതി എം പി യുടെ വിമർശനം എങ്കിലും വിശ്വാസി സമൂഹത്തോടൊപ്പമാണ് തങ്ങളും എന്ന് സൂചിപ്പിച്ച് പോകുന്നതാണ്. ശ്രീമതിയുടെ അഭിപ്രായ പ്രകടനത്തിന്‍റെ മറ്റൊരു തരത്തിലുള്ള പ്രതിഫലനമായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായത്.
19ആം തീയതി ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചിലപ്പോള്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. എന്തും വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന നിലപാടിലാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ്. ഈ വിഷയവും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ദേവസ്വം ബോര്‍ഡിനെക്കൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കി തല്‍ക്കാലം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.
എന്നാല്‍ വിദേശ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമേ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളൂ. സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് കടുപ്പിച്ചതില്‍ എന്‍.എസ്.എസിന്‍റെ ശക്തമായ അതൃപ്തിയും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കടുത്ത നിലപാടുകളുമായി ഇനിയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് പോയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് സിപിഎമ്മിനും ഇടതുപക്ഷത്തിനും വന്‍ പരാജയം ഉണ്ടാകുമെന്ന വിലയിരുത്തലും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായി.