പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം

Jaihind News Bureau
Saturday, October 26, 2019

പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം. കെ.സുരേന്ദ്രന് വേണ്ടിയും എം.ടി.രമേശിന് വേണ്ടിയും പാർട്ടിയിലെ ഇരു വിഭാഗങ്ങളും രംഗത്ത് എത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകമാവുക.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ പി.എസ്. ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയിൽ വീണ്ടും നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കുന്നത്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. കെ.സുരേന്ദ്രന്‍റെ പേരിനാണ് ഇപ്പോൾ പാർട്ടി യിൽ മുൻതൂക്കം.

കേന്ദ്ര മന്ത്രി വി.മുരളീധരൻ സുരേന്ദ്രന് വേണ്ടി കേന്ദ്രത്തിൽ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.  ആർ.എസ്. എസ് നേതൃത്വത്തിന്‍റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് തുടരുന്നു. അതേസമയം, സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല എന്നതാണ് കൃഷ്ണദാസ് പക്ഷത്തിന്‍റെ നിലപാട്.എം.ടി. രമേശിനെ അധ്യക്ഷനാക്കണം എന്ന ആവശ്യമാണ് ഈ വിഭാഗം മുന്നോട്ട് വക്കുന്നത്. കേന്ദ്രത്തിന്‍റെയും ആർ.എസ്.എസ് നേതൃത്വത്തിന്‍റെ പിൻതുണ ഉറപ്പാക്കാൻ എം.ടി.രമേശിന്‍റെ അനുകൂലികളും ശ്രമിക്കുന്നുണ്ട്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കിയത്‌.  തുടര്‍ന്ന് പുതിയ അധ്യക്ഷനെ ചൊല്ലിയുള്ള തർക്കം മാസങ്ങളോളം നീണ്ടു. ഇതോടെയാണ് സമവായമെന്ന നിലയിൽ പി.എസ്.ശ്രീധരൻപിള്ളയെ പാർട്ടി അധ്യക്ഷനാക്കിയത്.  അന്നത്തെതിന് സമാനമായ വിഭാഗീയതയും തർക്കവുമാണ് ഇപ്പോഴും പാർട്ടിയിൽ നിലനിൽക്കുന്നത്. ഇനിയും തർക്കം മൂത്താൽ ഗ്രൂപ്പ് പോരിന് തടയിടാൻ കുമ്മനത്തെ അധ്യക്ഷനാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്നാണ് കുമ്മനത്തിന്‍റെ നിലപാട്.

പുതിയ അധ്യക്ഷന്‍റെ കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റേതായിരിക്കും അന്തിമ തീരുമാനം.  ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി ബിജെപിയുടെ സംഘടനാപരമായ ദുര്‍ബലതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞടുപ്പിലും ബി.ജെ.പി.യെ നയിക്കാന്‍ ശക്തമായ നേതൃത്വംതന്നെവേണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.