കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

 

കണ്ണൂര്‍ : പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചുമാണ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

കണ്ണൂര്‍ ഡിസി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജലപീരങ്കി പ്രയോഗത്തില്‍ വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മറിഞ്ഞു വീണു. പോലീസ് ബലം പ്രയോഗിച്ചത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കത്തിനും, സംഘര്‍ഷത്തിനും ഇടയാക്കി.

പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് തവണ ജല പീരങ്കി പ്രയോഗിച്ചു. കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോവുകയായിരുന്ന വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ഡിസിസി പ്രസിഡന്‍റ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് ബലപ്രയോഗത്തില്‍ നാല് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

Comments (0)
Add Comment