മലിനജല പ്ലാന്‍റ്: ആവിക്കല്‍തോടില്‍ വീണ്ടും സംഘർഷം; ലാത്തി വീശി പോലീസ്

 

കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്‌കരണ പ്ലാന്‍റുമായി ബന്ധപ്പെട്ട് പ്രദേശത്ത് വീണ്ടും സംഘർഷം. വിഷയം ചർച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. യോഗത്തില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്ന ആവിക്കല്‍തോട് നിവാസികളുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തി വീശുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോർപ്പറേഷൻ ആറാം വാർഡിലാണ് മലിനജല സംസ്‌കരണ പ്ലാന്‍റുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി യോഗം ചേർന്നത്. സെക്കുലർ ഓഫ് വോയിസ് വെളളയിൽ എന്ന പേരിൽ സിപിഎമ്മിന്‍റെ പിന്തുണയോടെയായിരുന്നു യോഗം. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ജയശ്രീയും യോഗത്തിൽ പങ്കെടുത്തു. എന്നാൽ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളതെന്നും അതിനാൽ തങ്ങൾക്കും പങ്കെടുക്കണമെന്നും തങ്ങളെ അകത്തേക്ക് കയറ്റിവിടണമെന്നുമുള്ള ആവിക്കൽതോട് നിവാസികളുടെ ആവശ്യത്തെ സംഘാടകർ എതിർത്തു.

ഇത് കോർപ്പറേഷൻ നടത്തുന്ന യോഗമല്ല എന്നും സെക്കുലർ ഓഫ് വോയിസ് വെളളയിൽ എന്ന പേരിൽ സിപിഎമ്മിന്‍റെ പിന്തുണയോടെ നടത്തുന്ന യോഗമായതിനാൽ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കില്ല എന്നുമായിരുന്നു സംഘാടകരുടെ വാദം. തുടർന്ന് ആളുകളെ പുറത്താക്കാനുള്ള പോലീസിന്‍റെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്.

#representational image
Comments (0)
Add Comment