വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടല്‍

Jaihind News Bureau
Tuesday, November 3, 2020


വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കേരള പൊലീസിന്‍റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.

പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗർ ഡാമിനും സമീപത്തായുള്ള വനമേഖലയിൽ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

മാവോയിസ്റ്റുകളുടെ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് വാദം. മരിച്ചയാളിൽ നിന്നും 303 മോഡൽ റൈഫിളും കണ്ടെത്തി. മീൻമുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് ഉണ്ടായത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി വനംവകുപ്പും തണ്ടർ ബോൾട്ടും പട്രോളിംഗ് സജീവമായി നടത്തിയിരുന്നില്ല.