കൊല്ലം സി.പി.ഐയില്‍ തമ്മിലടി; സംസ്ഥാന എക്സിക്യൂട്ടീവില്‍ തര്‍ക്കം

Jaihind Webdesk
Wednesday, January 23, 2019

ജില്ലാ സെക്രട്ടറിയെ നീക്കാൻ കൊല്ലത്ത് ചേർന്ന സി.പി.ഐ യോഗത്തിൽ കൊമ്പുകോർത്ത് സി.പി.ഐ സംസ്ഥാന ജില്ലാ നേതൃത്വം. സെക്രട്ടറിയെ മാറ്റണമെന്ന സംസ്ഥാന കൗൺസിലിന്‍റെ ആവശ്യത്തെ ജില്ലാ കൗൺസിലിലെ ഭൂരിപക്ഷം നിരാകരിച്ചതോടെയാണ് ജില്ലാ ഘടകത്തിന് മുന്നിൽ സംസ്ഥാന ഘടകത്തിന് മുട്ടുമടക്കേണ്ടി വന്നത്.

പ്രായാധിക്യത്തിന്‍റെയും ദേശീയ കൗൺസിൽ അംഗമെന്ന വാദം നിരത്തിയുമാണ് കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ തൽസ്ഥാനത്ത് നിന്ന് നീക്കി അസിസ്റ്റന്‍റ് സെക്രട്ടറി ആർ രാജേന്ദ്രനെ സെക്രട്ടറിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. കൊല്ലത്ത് ചേർന്ന ജില്ലാ കൗൺസിലിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടെത്തി തീരുമാനം വിശദീകരിച്ചെങ്കിലും ജില്ലാ കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്‍റെ എതിർപ്പിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ജില്ലാ കൗൺസിൽ ഓഫീസിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിന് മുമ്പും പിമ്പുമായിനിർവാഹക സമിതി യോഗവും കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ പ്രത്യേക യോഗവും ചേർന്നു.

ആർ രാജേന്ദ്രനെ സെക്രട്ടറിയായി സംസ്ഥാന നേതൃത്വം നിർദേശിച്ചാൽ താൻ മത്സരിക്കുമെന്ന് പി.എസ് സുപാൽ അറിയിച്ചതായാണ് സൂചന. സംസ്ഥാന ഘടകത്തിന് നിർദേശം വെക്കാമെങ്കിലും ജില്ലാ സെക്രട്ടിയെ തീരുമാനിക്കാനുള്ള അവകാശം ജില്ലാ ഘടകത്തിന് തന്നെയാണെന്നും ചിലർ വിമർശിച്ചു. എതിർപ്പ് ശക്തമായതോടെയാണ് ഒടുവിൽ അനിരുദ്ധൻ തന്നെ സെക്രട്ടറിയായി തുടരട്ടെ എന്ന തീരുമാനത്തിലെക്കെത്തിയത്. സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതികരിച്ച കാനം, കൂടുതൽ കാര്യങ്ങൾ അടുത്ത സംസ്ഥാന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രതികരിച്ചു.

രാവിലെ 11 മണിയോടെ ആരംഭിച്ച യോഗം 3.30 ഓടെയാണ് സമാപിച്ചത്. സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, സത്യൻ മൊകേരി തുടങ്ങിയവരും മാരത്തൺ യോഗത്തിൽ പങ്കെടുത്തു. 2006 ൽ ആർ രാമചന്ദ്രൻ എം.എൽ.എ ആയതിനെ തുടർന്നാണ് എൻ അനിരുദ്ധനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.